ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് എതിരെ ഇറാന്‍
ഇറാന്‍ വിദേശകാര്യ മന്ത്രി ഇത് മൂന്നാം തവണയാണ് ചൈന സന്ദര്‍ശിക്കുന്നത്
ഇതര രാഷ്ട്രങ്ങള്‍ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ അതൃപ്തി അറിയിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് സാരിഫിന്റെ അതൃപ്തി അറിയിച്ചത്. ചൈനിസ് തലസ്ഥാനമായ ബീജിങിലാണ് ഇരു വിദേശകാര്യ മന്ത്രിമാരും ചര്‍ച്ച നടത്തിയത്.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധവും ലോകത്ത് പൊതുവായി ആശങ്കയുള്ള അന്താരാഷ്ട്ര പ്രശ്നങ്ങളുമാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നു വന്നത്. ചില കേന്ദ്രങ്ങളുടെ സമ്മര്‍ദങ്ങള്‍ തങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ആയതിനാല്‍ ലോകത്തെ മികച്ചൊരു സാമ്പത്തിക ശക്തി എന്ന നിലയില്‍ ഇറാനുമായുള്ള ബന്ധം തങ്ങള്‍ ഉറ്റ് നോക്കുകയാണ്. എല്ലാ നിലക്കും ഇറാനുമായി ഒരു ശക്തമായ ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
ഇറാന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ മറ്റു രാഷ്ട്രങ്ങള്‍ ഇടപെടുന്നതിനെ ഇറാന്‍ വിദേശകാര്യ മന്ത്രി എതിര്‍ത്തു. ഇറാനും ചൈനയും ഉള്‍പ്പെടുന്ന പുരോഗമന രാജ്യങ്ങളുടെ കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നു. ഇത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ വിദേശകാര്യ മന്ത്രി ഇത് മൂന്നാം തവണയാണ് ചൈന സന്ദര്‍ശിക്കുന്നത്. ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചക്കോടിയില്‍ സാരിഫിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ചൈന സന്ദര്‍ശനം.