മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യ - പാകിസ്താന്‍ യുദ്ധമുണ്ടാകുമെന്ന് പാക് മന്ത്രി

ഇന്ത്യയുമായി ഇനിയും ചര്‍ച്ചക്ക് സാധ്യതയുണ്ടെന്ന് ചിന്തിക്കുന്നവർ വിഡ്ഢികളാണ്. കശ്മീര്‍ വിഷയത്തില്‍ ചൈന പാകിസ്താനൊപ്പമാണ്

Update: 2019-08-28 12:50 GMT

ഒക്ടോബറിലോ നവംബറിലോ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന് പാക് മന്ത്രിയുടെ പ്രവചനം. റെയിൽ‌വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹ്മദിനെ ഉദ്ധരിച്ച് പാകിസ്താൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. “ഒക്ടോബറിലോ നവംബറിലോ പാകിസ്താനും ഇന്ത്യയും തമ്മിൽ ഒരു സമ്പൂർണ്ണ യുദ്ധം നടക്കുമെന്ന്” മന്ത്രി പറഞ്ഞു. ഇന്ത്യയുമായുള്ള അവസാനത്തെ യുദ്ധമായിരിക്കും ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ യു.എന്‍ സുരക്ഷാ കൌണ്‍സില്‍ ജനഹിത പരിശോധന നടത്തണമായിരുന്നുവെന്നും റാഷിദ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ മൗനം പാലിച്ച മുസ്‍ലിം ലോകത്തെ മന്ത്രി കുറ്റപ്പെടുത്തി.

Advertising
Advertising

“ഇന്ത്യയുമായി ഇനിയും ചര്‍ച്ചക്ക് സാധ്യതയുണ്ടെന്ന് ചിന്തിക്കുന്നവർ വിഡ്ഢികളാണ്. കശ്മീര്‍ വിഷയത്തില്‍ ചൈന പാകിസ്താനൊപ്പമാണ്. സെപ്റ്റംബർ 27 ന് ഐക്യരാഷ്ട്രസഭയിൽ ഇമ്രാൻ ഖാന്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രസംഗത്തിന് സുപ്രധാന പ്രാധാന്യമുണ്ട്. ചൈനയെപ്പോലുള്ള ഒരു സുഹൃത്ത് ഞങ്ങളോടൊപ്പം നിൽക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്” റാഷിദ് അഹമ്മദ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആണവയുദ്ധത്തെക്കുറിച്ച് ഇന്നലെ റാഷിദ് ഖാന്‍ പരാമര്‍ശിച്ചിരുന്നു. കശ്മീര്‍ വിഷയം പരിഹരിച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവയുദ്ധത്തിലേക്ക് കാര്യങ്ങളെത്തുമെന്നായിരുന്നു മന്ത്രിയുടെ ഭീഷണി. കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആണവയുദ്ധത്തെക്കുറിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദിവസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    

Similar News