‘സിറിയയില്‍ തീവ്രവാദികള്‍ക്കെതിരെ സംയുക്ത നടപടിക്ക് ധാരണയായി’
സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണം നിര്‍ത്തണമെന്ന ഉര്‍ദുഗാന്റെ പ്രസ്താവനയെക്കുറിച്ച് പുടിന്‍ ഒന്നും പരാമര്‍ശിച്ചില്ല.
സിറിയയിലെ ഇദ്‍ലിബ് പ്രദേശത്തെ തീവ്രവാദികള്‍ക്കെതിരെ സംയുക്ത നടപടികള്‍ക്ക് തങ്ങള്‍ രൂപം നല്‍കിയിട്ടുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍. തുര്‍ക്കി പ്രസിഡ്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യം പറഞ്ഞത്.
തുര്‍ക്കിയുടെ അതിര്‍ത്തിയിലാണ് ഇദ്‍ലിബ് സ്ഥിതിചെയ്യുന്നത്. ഈ മേഖലയില്‍ സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ഇത് തുര്‍ക്കിയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നാണ് ഉര്‍ദുഗാന്‍ പറയുന്നത്. അതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു.
സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ സൈന്യം റഷ്യന്‍ വ്യേമസേനയുടെ പിന്തുണയോടെയാണ് ഇദ്‍ലിബില്‍ ആക്രമണം നടത്തുന്നത്. അല്‍ ഖ്വയ്തയുമായി ബന്ധമുള്ള ‘നുസ്റത്ത് ഫ്രണ്ടാ’ണ് ഈ പ്രദേശം ഭൂരിഭാഗവും നിയന്ത്രിക്കുന്നത്. ഇദ്‍ലിബിലെ സിറിയന്‍ വിമതര്‍ നിരന്തരമായി സിറിയന്‍ സൈന്യത്തെ ആക്രമിക്കുകയാണ്. അതിനാല്‍ ഈ പ്രദേശം ത്രീവ്രവാദികളുടെ അഭയ കേന്ദ്രമാക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നാണ് പുടിന്‍ പറയുന്നത്.
സിറിയ ഒരു ഏകീകൃത രാജ്യമായി തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് പുടിന്‍ പറഞ്ഞു. എന്നാല്‍ സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണം നിര്‍ത്തണമെന്ന ഉര്‍ദുഗാന്റെ പ്രസ്താവനയെക്കുറിച്ച് പുടിന്‍ ഒന്നും പരാമര്‍ശിച്ചില്ല.
അതേ സമയം സിറിയന്‍ ഒത്ത് തീര്‍പ്പ് ചര്‍ച്ചക്കായി അടുത്ത മാസം തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലേക്ക് പുടിന്‍ വരുന്നുണ്ട്. റഷ്യയെ കൂടാതെ ഇറാനും തുര്‍ക്കിക്കൊപ്പം ഈ ചര്‍ച്ചയില്‍ പങ്കാളിയാകും. ഒക്ടോബറില്‍ മോസ്കോയില്‍ വെച്ച് നടക്കുന്ന ഊര്‍ജവാരത്തില്‍ പങ്കെടുക്കാന്‍ ഉര്‍ദുഗാന് ക്ഷണവും ഉണ്ട്.