ഹോങ്കോങ് സമരത്തില്‍ തെറ്റായ തലക്കെട്ട്; ക്ഷമ ചോദിച്ച് സി.എന്‍.എന്‍ 

ഹോങ്കോങ് പ്രക്ഷോഭകർക്കെതിരെ പൊലീസ് ജലപീരങ്കിയും പെട്രോൾ ബോംബും പ്രയോഗിച്ചു എന്നായിരുന്നു തലക്കെട്ട്.

Update: 2019-08-29 03:38 GMT

ഞായറാഴ്ച രാത്രി ഹോങ്കോങ്ങിൽ നടന്ന അക്രമാസക്ത സമരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് നല്‍കിയതിന് ക്ഷമ ചോദിച്ച് സി.എൻ.എൻ. ഹോങ്കോങ് പൊലീസിനയച്ച കത്തിലാണ് സി.എന്‍എന്റെ ക്ഷമാപണം. സി.എൻ.എൻ ഹോങ്കോങ് വൈസ് പ്രസിഡന്റും ബ്യൂറോ ചീഫുമായ റോജർ ക്ലാർക്ക് ആണ് കത്തയച്ചതെന്ന് ഹോങ്കോങ് പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഹോങ്കോങ് പ്രക്ഷോഭകർക്കെതിരെ പൊലീസ് ജലപീരങ്കിയും പെട്രോൾ ബോംബും പ്രയോഗിച്ചു എന്നായിരുന്നു തലക്കെട്ട്. എന്നാല്‍ ഈ തലക്കെട്ട് തെറ്റായിരുന്നുവെന്നും പെട്രോള്‍ ബോംബുപയോഗിച്ചത് പൊലീസല്ല പ്രക്ഷോഭകരായിരുന്നുവെന്നുമാണ് ഹോങ്കോങ് പൊലീസിനയച്ച കത്തില്‍ സി.എൻ.എൻ വ്യക്തമാക്കുന്നത്. ദുരുദ്ദേശത്തോടെ ചെയ്തതല്ലെന്നും അബദ്ധം സംഭവിച്ചതാണെന്നും ഹോങ്കോങ് പൊലീസിന് അയച്ച കത്തിൽ സി.എൻ.എൻ മേധാവി വ്യക്തമാക്കുന്നു. തെറ്റിദ്ദാരണക്കിടയാക്കും വിധം അല്‍പ്പ സമയം സി.എൻ.എൻ വെബ്‌സൈറ്റിൽ ഒരു തലക്കെട്ട് പ്രദർശിപ്പിച്ചു പോയിട്ടുണ്ടെന്നും തെറ്റാണെന്ന് ബോധ്യപ്പെട്ട ഉടനെ തിരുത്തിയിട്ടുണ്ടെന്നും കത്ത് വിശദീകരിക്കുന്നു.

Advertising
Advertising

ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ഹോങ്കോങ് പൊലീസ് മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗസ്റ്റ് 25 രാത്രി പ്രക്ഷോഭകരെ പിരിച്ചുവിടാൻ ഹോങ്കോങ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നുവെങ്കിലും പ്രതിഷേധക്കാരുടെ നേർക്കല്ല, ബാരിക്കേഡുകളിലേക്ക് മാത്രം വെള്ളം ചീറ്റാനായിരുന്നു അതുപയോഗിച്ചിരുന്നത് എന്നും പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒരു സമയത്തും പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് പെട്രോൾ ബോംബുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും സി.എൻ.എൻ മേധാവിയുടെ കത്തോടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News