ഹൃദയം തൊടുന്ന പുഞ്ചിരിയോടെ, മനോഹരമായ ചുവടുകളിലൂടെ ഈ ഉഗാണ്ടന്‍ കുട്ടികള്‍ ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്...
ഇവരെവിടേക്കും ചിതറിവീണില്ല. ഇരുണ്ടമുഖങ്ങളുമായി പിന്നാമ്പുറങ്ങളിലേക്ക് പതുങ്ങിയില്ല. തുറസുകളിലെ പുതിയ വെളിച്ചത്തിലേക്ക് ചിറകു വിടര്‍ത്തുകയാണ് ഈ പൂമ്പാറ്റകള്‍...
ആഫ്രിക്കയില്‍ നിന്നും ചില ഉത്സവ ജീവിതങ്ങളെ പരിചയപ്പെടാം. മസാക്ക കിഡ്സ് ആഫ്രിക്കാനാ എന്ന പേരില്‍ ലോകത്തിന്‍റെ മനസ് കീഴടക്കുന്ന കുറേ കുരുന്നുകള്‍. സോഷ്യല്‍ മീഡിയയിലൂടെ അവരെ നിങ്ങളും കണ്ടതാണ്. അവര്‍ എവിടെ നിന്ന് വരുന്നു എന്ത് ചെയ്യുന്നു എന്നൊക്കെ അറിയുമ്പോഴാണ്, അവര്‍ ഈ ഭൂമിയില്‍ പരത്തുന്ന ഊര്‍ജ്ജം എത്രയാണെന്ന് ബോധ്യപ്പെടുക. അറുതിയില്ലാത്ത ആഭ്യന്തരയുദ്ധങ്ങളുടെ തീച്ചൂളയില്‍പെട്ട്, ജീവിതം ഒന്ന്, തുടങ്ങാന്‍ പോലുമാകാതെ മരവിച്ചുപോയ കുരുന്നുകള്‍. മഹാവ്യാധികള്‍, തണല്‍മരങ്ങളെയെല്ലാം പിഴുതെടുത്തപ്പോള്‍ പൊരിവെയിലില്‍ പൊള്ളിയുരുകി നിന്നവര്‍.
അവര്‍ സമൂഹത്തിന്‍റെ ഏത് ചുഴിയിലേക്കാവും വീണുപോവുക. എവിടെച്ചെന്നാണ് ഒടുങ്ങുക. പക്ഷെ, ഇവരെവിടേക്കും ചിതറിവീണില്ല. ഇരുണ്ട മുഖങ്ങളുമായി പിന്നാമ്പുറങ്ങളിലേക്ക് പതുങ്ങിയില്ല. തുറസുകളിലെ പുതിയ വെളിച്ചത്തിലേക്ക് ചിറകു വിടര്‍ത്തുകയാണ് ഈ പൂമ്പാറ്റകള്‍. പരന്നൊഴുകുകയാണ്. ദാ ഇങ്ങനെ യുദ്ധവും ക്ഷാമവും മഹാരോഗങ്ങളും മൂലം അനാഥത്വത്തിലേക്ക് എടുത്തെറിയപ്പെട്ട ആഫ്രിക്കന്‍ കുട്ടികള്‍ക്ക് ജീവിതത്തിന്‍റെ പുതുപ്രഭാതം കാട്ടിക്കൊടുക്കുകയാണ് മസാക്ക കിഡ്സ്‍. പാട്ടും നൃത്തവും അഭിനയവുമെല്ലാം നിറഞ്ഞുതുളുമ്പുന്ന മസാക വീഡിയോകളിലൂടെ ഈ ഉഗാണ്ടന്‍ കുട്ടികള്‍, ആ ഭൂഖണ്ഢത്തിന്‍റെ പ്രതിനിധികളാവുന്നു. ഹൃദയം തൊടുന്ന പുഞ്ചിരിയോടെ, മനോഹരമായ ചുവടുകളിലൂടെ, ഇമ്പമുള്ള ആഫ്രിക്കൻ രാഗങ്ങളിലൂടെ ഈ കുരുന്നുകള്‍ ലോകത്തിന്‍റെ താളമാവുകയാണ്.
അവരെ കാണാതിരിക്കുവതെങ്ങനെ? കുട്ടികളുടെ ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി പണം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മസാക്ക വീഡിയോകള്‍ നിര്‍മ്മിക്കുന്നത്. ഇതിനകം ലോകമാകെ ശ്രദ്ധ നേടിയ മസാക്കക്ക് ലക്ഷക്കണക്കിന് ഫോളോവഴ്സുമുണ്ട്. അനാഥത്വം സൃഷ്ടിച്ച അന്തര്‍മുഖഭാവം ഇന്നിവരുടെ മുഖത്തില്ല. പുതിയ ഊര്‍ജ്ജത്തോടെ,കൂടുതല്‍ തെളിച്ചത്തോടെ ലോകത്തെ കാണുകയാണിവര്‍.