സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
എല്ലാ നിലയിലും ഇദ്‌ലിബിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കിയ ശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം
സിറിയയിലെ ഇദ്‌ലിബിൽ വെടിനിർത്തൽ കരാര്‍ നിലവില്‍ വന്നതായി റഷ്യ. സിറിയന്‍ സൈന്യം വിമതരുടെ അവസാന ശക്തി കേന്ദ്രങ്ങളില്‍ ഒന്നുകൂടി പിടിച്ചെടുത്ത തൊട്ടുടനെയാണ് റഷ്യയുടെ പ്രഖ്യാപനം. സിറിയയില്‍ യുദ്ധമാരംഭിച്ചത് മുതല്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ ശക്തമായി പിന്തുണക്കുന്ന രാഷ്ട്രമാണ് റഷ്യ.
സിറിയയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇദ്‍ലിബിൽ സിറിയൻ സേന ഇന്ന് മുതൽ വെടിനിർത്തുമെന്നാണ് റഷ്യയുടെ പ്രഖ്യാപനം. സിറിയൻ സർക്കാർ ഏകപക്ഷീയമായാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും റഷ്യൻ അനുരഞ്ജന കേന്ദ്രം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇദ്‌ലിബില്‍ സമാധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സായുധ നടപടികള്‍ നിര്‍ത്തിവെക്കുന്നതെന്ന് പറഞ്ഞ റഷ്യ, ആയുധമുപേക്ഷിച്ച് സമാധാന പ്രക്രിയയിൽ പങ്കുചേരാൻ സർക്കാർ വിരുദ്ധ പോരാളികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
മേഖലയില്‍ റഷ്യന്‍ പിന്തുണയോടെ സിറിയൻ സേന ആക്രമണം ശക്തമാക്കിയതായി കഴിഞ്ഞ ദിവസം പ്രദേശവാസികളും മനുഷ്യാവകാശപ്രവര്‍ത്തകരും കുറ്റപ്പെടുത്തിയിരുന്നു. ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളും ആക്രമണത്തിൽ സൈന്യത്തെ സഹായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യക്കൊപ്പം സിറിയന്‍ സേനയെ ശക്തമായി പിന്തുണക്കുന്ന രാഷ്ട്രമാണ് ഇറാന്‍. കഴിഞ്ഞയാഴ്ച ഹമാ പ്രവിശ്യയിലെ പ്രധാന വിമത പോക്കറ്റും സൈന്യം പിടിച്ചെടുത്തിരുന്നു. തെക്കൻ ഇഡ്‌ലിബിലെ ഖ്വെയ്ൻ, സർസൂർ, തുടങ്ങിയ മേഖലകള്‍ നേരത്തെ പിടിച്ചെടുത്ത റഷ്യൻ പിന്തുണയുള്ള സിറിയന്‍ സൈന്യം, ഇഡ്‌ലിബ് പ്രവിശ്യയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്ക് കൂടുതൽ അടുത്തിട്ടുണ്ട്.
പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സഹോദരൻ മാഹിർ അൽ അസദിന്റെ നേതൃത്വത്തിലുള്ള എലൈറ്റ് റിപ്പബ്ലിക്കൻ ഗാർഡുകളിൽ നിന്നുള്ള നൂറുകണക്കിന് സൈനികരും ലെബനാനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല പോരാളികളും ഇദ്‌ലിബില്‍ തമ്പടിച്ചിട്ടുണ്ട്. എല്ലാ നിലയിലും ഇദ്‌ലിബിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കിയ ശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.