ട്വിറ്റര്‍ സി.ഇ.ഒയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്
ചക്ലിങ് സ്ക്വാഡെന്ന ഹാക്കര്‍ സംഘമാണ് ഹാക്കിങിന് പിന്നില്‍
ട്വിറ്റര്‍ സ്ഥാപകനും സി.ഇ.ഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. 40,00,000 ഫോളോവര്‍മാരുള്ള അക്കൌണ്ടാണ് ഹാക്ക് ചെയ്തത്. ചക്ലിങ് സ്ക്വാഡെന്ന ഹാക്കര്‍ സംഘമാണ് ഹാക്കിങിന് പിന്നില്‍. വംശീയാധിക്ഷേപവും മോശം ട്വീറ്റുകളും റീട്വീറ്റുകളും അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിങ് ശ്രദ്ധയില്‍പ്പെട്ടത്. 15 മിനിറ്റോളം ജാക് ഡോര്‍സേയുടെ അക്കൌണ്ടില്‍ നിന്ന് നിരവധി ട്വീറ്റുകളാണ് ഫോളോവേഴ്സിലേക്കെത്തിയത്. നാസിപ്പടയുടെ നേതാവ് അഡോള്‍ഫ് ഹിറ്റ്‍ലര്‍ നിരപരാധിയാണ് എന്നു തുടങ്ങുന്ന ട്വീറ്റുകളാണ് അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞയാഴ്ച ചില യൂട്യൂബ് സെലിബ്രിട്ടികളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത് ഇതേ ഹാക്കര്‍ സംഘമാണ്. ഡോര്‍സിയുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്താണ് ഹാക്കിങ് നടത്തിയതെന്നാണ് ട്വീറ്ററിന്റെ വിശദീകരണം. ട്വിറ്ററിന്റെ സര്‍വറുകളിലേക്ക് ഹാക്കര്‍മാര്‍ കടന്നിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. സിംസ്വാപിങ് അഥവാ സിം ജാക്കിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ കൃത്യം നടത്തിയതെന്ന് കമ്പനി സ്ഥിരീകരിച്ചു. ഹാക്കിങിന്റെ പശ്ചാതലത്തില്‍ ട്വിറ്റര്‍, അക്കൌണ്ടുകളുടെ സുരക്ഷ ശക്തമാക്കി. അതേസമയം സി.ഇ.ഒയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത് ട്വിറ്ററിന് വലിയ തിരിച്ചടിയാണ്.