‘പാകിസ്താന്‍ യുദ്ധം തുടങ്ങില്ല, ആദ്യം ആണവായുധം പ്രയോഗിക്കില്ല’ ഇമ്രാന്‍ ഖാന്‍
ഇന്ത്യയും പാകിസ്താനും ആണവരാജ്യങ്ങളാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായാല്‍ ലോകത്തിന് തന്നെ അപകടമാണെന്നും ഇമ്രാന്‍ഖാന്‍
പാകിസ്താന്‍ യുദ്ധം ആരംഭിക്കുകയോ ആദ്യം ആണവായുധം പ്രയോഗിക്കുകയോ ചെയ്യില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ലഹോറില്‍ ആദ്യ അന്താരാഷ്ട്ര സിഖ് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. ഇന്ത്യയും പാകിസ്താനും ആണവരാജ്യങ്ങളാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായാല്‍ ലോകത്തിന് തന്നെ അപകടമാണെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് തുടര്‍ച്ചയായി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ ഇമ്രാന്‍ഖാന്‍ കടുത്ത നിലപാടുകളില്‍ നിന്നും പിന്നോട്ട് പോകുന്നുവെന്നതിന്റെ സൂചനയാണ് പുതിയ സംഭവ വികാസങ്ങള്‍. ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് ഇന്ത്യന്‍ നിലപാട് ഭാവിയിലും അങ്ങനെയാകുമോയെന്ന് ഉറപ്പിക്കാനാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ഖാന്‍ നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.
യുദ്ധം എന്തെങ്കിലും പ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നില്ലെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. ഒരു പ്രശ്‌നം യുദ്ധം മൂലം പരിഹരിക്കപ്പെട്ടാല്‍ നാല് പുതിയ പ്രശ്‌നങ്ങളെങ്കിലും ആരംഭിക്കും. യുദ്ധത്തില്‍ ജയിക്കുന്നവര്‍ക്ക്‌പോലും വര്‍ഷങ്ങളെടുത്താലേ യുദ്ധം മൂലമുണ്ടായ കഷ്ടനഷ്ടങ്ങള്‍മറികടക്കാനാകൂ എന്നും ഇമ്രാന്‍ ഖാന്‍ ഓര്‍മ്മിപ്പിച്ചു.
അതേസമയം ജമ്മു കശ്മീരിന് വേണ്ടി ഇനിയും ശബ്ദമുയര്‍ത്തുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എണ്‍പത് ലക്ഷത്തോളം മനുഷ്യരെ 27 ദിവസം എല്ലാവിധ വാര്‍ത്താവിനിമയ സംവിധാനങ്ങളും തടഞ്ഞ് തടവിലാക്കിയാല്‍ മിണ്ടാതിരിക്കാനാകില്ല. അത് കശ്മീരികളല്ല അമുസ്‌ലിംങ്ങളായാലും അതു തന്നെയാകും തന്റെ നിലപാടെന്ന് സിഖ് സമൂഹത്തെ അഭിസംബോധന ചെയ്യവേ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.