സാക്കിർ നായിക്കിനെ വിട്ടുനൽകണമെന്ന് മോദി മലേഷ്യന്‍ പ്രധാനമന്ത്രിയോട് 

മോദിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മഹാതിർ മുഹമ്മദിനെ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഫോണിൽ വിളിച്ചു.

Update: 2019-09-05 09:53 GMT

സാക്കിർ നായിക്കിനെ വിട്ടുനൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിനോട് ആവശ്യപ്പെട്ടു. റഷ്യയിൽ നടക്കുന്ന ഈസ്റ്റേഴ്‌സ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെ മഹാതിറിനെ കണ്ടപ്പോഴാണ് മോദി ഇക്കാര്യം ഉന്നയിച്ചതെന്ന് വിദേശ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

ഭീകരവാദത്തിന് സഹായം ചെയ്തു എന്ന പേരിൽ കേന്ദ്ര സർക്കാർ നടപടി തുടങ്ങിയതോടെയാണ് മതപ്രഭാഷകനും പ്രബോധകനുമായ സാക്കിർ നായിക്ക് 2016-ലാണ് ഇന്ത്യവിട്ട് മലേഷ്യയിലേക്ക് കുടിയേറിയത്. നായിക്കിന്റെ കീഴിലുള്ള ട്രസ്റ്റുകളുടെ അക്കൌണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. മലേഷ്യയിൽ സ്ഥിരതാമസം അനുവദിക്കപ്പെട്ട നായിക്കിന് പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിലക്കുണ്ട്. ആഗസ്റ്റ് എട്ടിന് അദ്ദേഹം മലേഷ്യൻ ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരെ നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടര്‍ന്നാണിത്. ഇതില്‍ മഹാതിർ മുഹമ്മദ് അടക്കമുള്ളവർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സാക്കിർ നായിക്കിന് മലേഷ്യ വിട്ടുപോകാമെന്നും എന്നാൽ, ജീവനു ഭീഷണിയുണ്ടാകുമെന്നതിനാൽ ഇന്ത്യക്കു കൈമാറില്ലെന്നും മഹാതിർ വ്യക്തമാക്കുകയും ചെയ്തു.

Advertising
Advertising

ഇതിനു പിന്നാലെയാണ് നായിക്കിനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മോദി മഹാതിറിനെ സമീപിച്ചിരിക്കുന്നത്. 'സാക്കിർ നായിക്കിന്റെ കൈമാറ്റവിഷയം പ്രധാനമന്ത്രി മോദി ഉന്നയിച്ചു. ഇക്കാര്യം സംബന്ധിച്ചുള്ള ചർച്ചകൾക്കായി ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പരസ്പരം ബന്ധപ്പെടും. ഇത് നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്.' - വിജയ് ഗോഖലെ പറഞ്ഞു. കശ്മീർ പ്രശ്‌നത്തിലെ ഇന്ത്യയുടെ നിലപാടും പദ്ധതികളും മോദി മഹാതിറിനു മുന്നിൽ വിശദീകരിച്ചു.

മോദിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മഹാതിർ മുഹമ്മദിനെ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഫോണിൽ വിളിച്ചു. കശ്മീർ പ്രശ്‌നത്തിൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് മഹാതിർ ഇംറാനോട് ആവശ്യപ്പെട്ടു.

Tags:    

Similar News