ഈജിപ്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് മുർസിയുടെ മകൻ അബ്ദുല്ലാ മുർസി അന്തരിച്ചു 

Update: 2019-09-05 16:23 GMT

അന്തരിച്ച മുൻ ഈജിപ്ഷ്യൻ പ്രസിഡണ്ട് മുഹമ്മദ് മുർസിയുടെ ഇളയ മകൻ അബ്ദുല്ലാ മുർസി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. തുര്‍ക്കിഷ് വാര്‍ത്താ എജന്‍സിയായ അനഡോളു ഏജന്‍സിയാണ് മരണപ്പെട്ടതായ വാര്‍ത്ത പുറത്തുവിട്ടത്. കൈറോയിൽ സുഹൃത്തിനൊപ്പം കാർ ഡ്രൈവ് ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യമെന്ന് സഹോദരൻ അഹമ്മദ് മുർസിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മുഹമ്മദ് മുർസിയുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവനാണ് അബ്ദുല്ല മുർസി. ഈജിപ്ത് സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ അബ്ദുള്ള മുര്‍സി പിതാവിന്റെ മരണത്തിന് ശേഷം വളരെയധികം സങ്കടത്തിലായിരുന്നു. പിതാവ് മുര്‍സിയുടെ മരണത്തിന് കാരണക്കാരായവരെ ട്വിറ്ററിലൂടെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ‘എല്‍ സീസിയുടെ കൂട്ടാളികള്‍, രക്തസാക്ഷിയായ പ്രസിഡണ്ട് മുര്‍സിയുടെ മരണത്തിന് കാരണക്കാര്‍’ എന്നാണ് അബ്ദുള്ള മുര്‍സി ട്വിറ്ററില്‍ കുറിച്ചത്. അതെ സമയം അബ്ദുല്ലാ മുർസിയുടെ മരണം സ്ഥിരീകരിച്ച് ഈജിപ്ത് ആരോഗ്യ മന്ത്രാലയം ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertising
Advertising

രണ്ടര മാസം മുമ്പാണ് പിതാവ് മുഹമ്മദ് മുർസി വിചാരണക്കിടെ ജയിലിൽ കുഴഞ്ഞുവീണ് മരിച്ചത്. ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഇഖ്‌വാനുൽ മുസ്‌ലിമൂന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും ഈജിപ്റ്റിന്റെ മുൻ രാഷ്ട്രപതിയുമായിരുന്നു മുര്‍സി. ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ പ്രതിനിധീകരിച്ച സ്ഥാനാർഥി മുഹമ്മദ് മുർസിയായിരുന്നു. 2012 ജൂൺ 24ന് മുഹമ്മദ് മുർസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. 2013 ജൂലൈ 4 ന് മുർസിയെ, പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി, തടവിലാക്കി. കഴിഞ്ഞ ജൂൺ 17 ന് കോടതി മുറിയിൽ വെച്ചായിരുന്നു മുഹമ്മദ് മുര്‍സി കുഴഞ്ഞു വീണ് മരിച്ചത്.

Tags:    

Similar News