കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിസഭ അംഗം ആംബെര്‍ റൂഡ് രാജിവെച്ചു
തൊഴില്‍, പെന്‍ഷന്‍ എന്നിവയുടെ ചുമതലയുള്ള വനിതാ മന്ത്രിയായിരുന്നു ആംബെര്‍ റൂഡ്
ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ പ്രമേയത്തിനെതിരായി വോട്ട് ചെയ്ത കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിസഭ അംഗം ആംബെര്‍ റൂഡ് രാജിവെച്ചു. തൊഴില്‍, പെന്‍ഷന്‍ എന്നിവയുടെ ചുമതലയുള്ള വനിതാ മന്ത്രിയായിരുന്നു ആംബെര്‍ റൂഡ്. ഉപാധിരഹിത ബ്രക്സിറ്റ് നടപ്പിലാക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തോട് വിയോജിക്കുന്നതായി ആംബെര്‍ റൂഡ് രാജിക്കത്തില്‍ വ്യക്തമാക്കുന്നു. ഉപാധിരഹിത ബ്രെക്സിറ്റ് ബ്രക്സിറ്റ് നടപടി ക്രമങ്ങളുടെ ഏറ്റവും മോശം ഫലമായിരിക്കുമെന്ന അഭിപ്രായമുള്ളയാളായിരുന്നു ആംബെര്‍ റൂഡ്.
ഉപാധികളോടെയുള്ള ബ്രെക്സിറ്റാണ് സര്‍ക്കാരിന്‍റെ അജണ്ടയെന്ന് തനിക്ക് ഇനിയും വിശ്വസിക്കാനാവില്ലെന്ന് റൂഡ് തന്‍റെ രാജിക്കത്തില്‍ പറയുന്നു. ഉപാധികളോടെയുള്ള ബ്രെക്സിറ്റ് നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ ഒക്ടോബര്‍ 31 നകം ഉപാധിരഹിത ബ്രെക്സിറ്റ് നടപ്പിലാക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ പ്രഖ്യാപനം. പാര്‍ലമെന്‍റില്‍ ഇതിന് അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും നീക്കം നടത്തി. ഇതിനായുള്ള പ്രമേയത്തില്‍ ഭരണകക്ഷി അംഗങ്ങളായ 21 പേര്‍ പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം സര്‍ക്കാരിനെതിരെ വോട്ടുചെയ്യുകയായിരുന്നു.
ഇവരെ പുറത്താക്കിയ നടപടി ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നാണ് ഇപ്പോള്‍ രാജിവെച്ച ആംബെര്‍ റൂഡിന്‍റെ നിലപാട്. അതേസമയം ഒക്ടോബര്‍ 31 ന് ഉപാധിരഹിത ബ്രക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള പ്രമേയത്തില്‍ എല്ലാ കാബിനറ്റ് അംഗങ്ങളും ഒപ്പുവെച്ചതാണന്നും രാജിവെച്ച് തലക്കെട്ടുകള്‍ സൃഷ്ടിച്ചതുകൊണ്ട് ബ്രക്സിറ്റ് നടപ്പിലാകണമെന്ന ജനാഭിലാഷം അട്ടിമറിക്കാനാവില്ലെന്നും മുതിര്‍ന്ന സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.