യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള പുതിയ 40 യന്ത്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചെന്ന് ഇറാന്‍

വൈദ്യുതി ഉത്പാദനത്തിനും ആണവായുധ നിര്‍മാണത്തിനും സമ്പുഷ്ട യുറേനിയം ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്നതാണ് പുതിയ യന്ത്രങ്ങള്‍

Update: 2019-09-08 02:29 GMT

യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള പുതിയ 40 യന്ത്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചെന്ന് ഇറാന്‍. വൈദ്യുതി ഉത്പാദനത്തിനും ആണവായുധ നിര്‍മാണത്തിനും സമ്പുഷ്ട യുറേനിയം ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്നതാണ് പുതിയ യന്ത്രങ്ങള്‍. ആണവ സമ്പുഷ്ടീകരണ പദ്ധതി പുനപരിശോധിക്കാവുന്നതാണെന്നും ഇതിന് മറ്റു രാജ്യങ്ങള്‍ 2015 ലെ കരാര്‍ പാലിക്കാന്‍ തയ്യാറാകണമെന്നും ഇറാന്‍ ആണവ ഏജന്‍സി വക്താവ് ബഹ്റൂസ് കമാല്‍വന്ദി പ്രതികരിച്ചു.

2015 ല്‍ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുകയും ഇറാന് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇറാന്‍റെ നടപടി. അതേസമയം പുതിയ ആണവ പദ്ധതികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനും ബാലിസ്റ്റിക് മിസൈല്‍ പരിപാടികള്‍ വെട്ടിക്കുറയ്ക്കുന്നതിനും ഉറാനെ പ്രേരിപ്പിക്കുന്ന കരാറിലേക്ക് എത്തിക്കാനാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ശ്രമം. എന്നാല്‍ ഇതിനോട് അനുകുലമായല്ല ഇറാന്‍ പ്രതികരിച്ചത്. ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയെങ്കിലും ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ജര്‍മനി, ചൈന എന്നീ രാജ്യങ്ങള്‍ കരാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

Advertising
Advertising

എന്നാല്‍ ഉപരോധങ്ങള്‍ ഇറാനില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ ആണവ പരിപാടികള്‍ പുനരാരംഭിക്കുന്നത്. അതേസമയം അന്താരാഷ്ട്ര ആണവ നിരീക്ഷണ ഏജന്‍സിയായ ഐ.എ.ഇ.എയ്ക്ക് രാജ്യത്ത് പരിശോധന നടത്താന്‍ അനുമതി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ മുമ്പ് നടത്തിയ പരിശോധനയില്‍ ഇറാന്‍ അനുദനീയമായ 300 കിലോയില്‍ കൂടുതല്‍ സമ്പുഷ്ട യുറേനിയം കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ആണവ കരാര്‍ പ്രകാരം 3.67 ശതമാനം യുറാനിയം സമ്പുഷ്ടീകരണമാണ് അനുവദനീയമെങ്കില്‍ ഇപ്പോള്‍ അത് 4.5 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. 90 ശതമാനം സമ്പുഷ്ടീകരിച്ച യുറാനിയമാണ് ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കുക.

Tags:    

Similar News