അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ ട്രംപ് പുറത്താക്കി
ബോൾട്ടന്റെ പല നിർദേശങ്ങളോടും ശക്തമായ വിയോജിപ്പുള്ളതിനാലാണ് പുറത്താക്കല്‍ നടപടിയെന്ന് ട്രംപ് ട്രീറ്റ് ചെയ്തു.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുറത്താക്കി. ബോൾട്ടന്റെ പല നിർദേശങ്ങളോടും ശക്തമായ വിയോജിപ്പുള്ളതിനാലാണ് പുറത്താക്കല്‍ നടപടിയെന്ന് ട്രംപ് ട്രീറ്റ് ചെയ്തു.
താങ്കളുടെ സേവനം വൈറ്റ് ഹൗസില്‍ ഇനി ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹത്തിന്‍റെ പല നിർദേശങ്ങളോടും ഞാൻ ശക്തമായി വിയോജിച്ചിരുന്നു. ഭരണതലത്തിലുള്ള മറ്റ് പലർക്കും സമാന അഭിപ്രായണ്. അതുകൊണ്ടാണ് രാജി നൽകാൻ ഞാൻ ആവശ്യപ്പെട്ടത്. ഇതാണ് ബോള്‍ട്ടനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ട്രംപ് കുറിച്ചത്.
ജോണിന്‍റെ ഇതുവരെയുള്ള സേവനങ്ങൾക്ക് നന്ദി. അടുത്തയാഴ്ച പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ താന്‍ തന്നെയാണ് രാജി സന്നദ്ധത അറിയിച്ചതെന്നും നാളെ സംസാരിക്കാമെന്നാണ് ട്രംപ് പറഞ്ഞതെന്നും ബോള്‍ട്ടന്‍ ട്വീറ്റ് ചെയ്തു.
ഇറാനടക്കമുള്ള രാജ്യങ്ങളുടെ കടുത്ത വിമർശകനായിരുന്നു ജോൺ ബോൾട്ടൺ. മാർച്ചിൽ ഇറാനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ അവിടെ സൈനിക നടപടി തുടങ്ങണമെന്ന് ബോള്‍ട്ടണ്‍ അഭിപ്രായപ്പെട്ടിരുന്നു. താലിബാനെ ചർച്ചയ്ക്ക് ക്ഷണിച്ചതുൾപ്പടെയുള്ള പല കാര്യങ്ങളിലും ബോൾട്ടണ് ട്രംപുമായി കടുത്ത അഭിപ്രായ വ്യത്യാസുമുണ്ടായിരുന്നുവെന്നാണ് സൂചന.
ബോൾട്ടണെ പുറത്താക്കിയ നടപടിയെ പിന്തുണച്ച് സെനറ്റർമാര്‍ രംഗത്തെത്തി. യുദ്ധങ്ങൾ അവസാനിക്കണമെന്ന നിലപാടുള്ളവർ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാക്കളാകണമെന്ന് സെനറ്റർ റാന്‍റ് പോൾ ട്വീറ്റ് ചെയ്തു. ട്രംപിന്റെ മൂന്നാമത്തെ സുരക്ഷാ ഉപദേഷ്ടാവാണ് ജോണ്‍ ബോള്‍ട്ടണ്‍. മറ്റുള്ളവരെയും സമാനമായ രീതിയില്‍ തന്നെയാണ് പ്രസിഡന്റ് പുറത്താക്കിയത്.