ട്രംപിന് ജനസമ്മതി കുറയുന്നതായി എബിസി- വാഷിങ്ടണ്‍ പോസ്റ്റ് സര്‍വേ ഫലം
സര്‍വേയില്‍ പങ്കെടുത്തവരില്‍ 55 ശതമാനവും ട്രംപിന്റെ ഭരണത്തില്‍ അതൃപ്തരാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ജനസമ്മതി കുറയുന്നതായി എബിസി- വാഷിങ്ടണ്‍ പോസ്റ്റ് സര്‍വേ ഫലം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 55 ശതമാനവും ട്രംപിന്റെ ഭരണത്തില്‍ അതൃപ്തരാണ്. അതേസമയം സര്‍വേ ഫലം വ്യാജമാണെന്ന് ട്രംപ് പ്രതികരിച്ചു.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവുമാണ് റേറ്റിങ് കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണിലേതിനേക്കാള്‍ ട്രംപിന്റെ ജനസമ്മിതി കുറഞ്ഞതായാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ജൂണില്‍ 44 ശതമാനം പേര്‍ ട്രംപിന്റെ നിലപാടുകളെയും നയങ്ങളെയും പിന്തുണച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് 39 ശതമാനം ആയി ചുരുങ്ങി.
ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് കൂടുതല്‍ പേരുടെയും അഭിപ്രായം. യു.എസ് ചൈന വ്യാപാര യുദ്ധം രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം സര്‍വേ ഫലം കൃത്രിമമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.