കൂടുതല്‍ ഭാഗങ്ങള്‍ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കും; നെതന്യാഹുവിനെതിരെ അറബ് ലോകം
നെതന്യാഹുവിന്റെ പദ്ധതി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സമാധാനത്തിന്റെ അടിത്തറ തകര്‍ക്കുന്നതാണെന്നും അറബ് ലീഗ് പ്രതികരിച്ചു
അധിനിവിഷ്ഠ വെസ്റ്റ്ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രായേലിലേക്ക് ചേര്‍ക്കുമെന്ന ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജോര്‍ദാന്‍, തുര്‍ക്കി, സൌദി എന്നീ രാജ്യങ്ങള്‍ പ്രഖ്യാപനത്തെ വിമര്‍ശിച്ച് രംഗത്തെത്തി.
വെസ്റ്റ്ബാങ്കിലെ ജോര്‍ദാന്‍ താഴ്‍വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന് ഇന്നലെയാണ് ബെന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. നെതന്യാഹുവിന്റെ പദ്ധതി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സമാധാനത്തിന്റെ അടിത്തറ തകര്‍ക്കുന്നതാണെന്നും അറബ് ലീഗ് പ്രതികരിച്ചു.
ദ്വിരാഷ്ട്ര പരിഹാരം നശിപ്പിക്കുക മാത്രമല്ല, സമാധാനത്തിനുള്ള എല്ലാ സാധ്യതകളും നെതന്യാഹു കൊട്ടിയടക്കുകയാണെന്ന് ഫലസ്തീന്‍ കുറ്റപ്പെടുത്തി. പ്രദേശത്തെ മുഴുവൻ അക്രമത്തിലേക്ക് നയിക്കുന്ന നടപടിയാണിതെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി പറഞ്ഞു.
തുര്‍ക്കിയും സൌദിയുമെല്ലാം നെതന്യാഹുവിന്റെ നീക്കത്തിനെതിരെ ശക്തമായാണ് പ്രതികരിച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഒ.ഐ.സിയിലെ 57 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം വിളിക്കണമെന്ന് സൌദി അഭിപ്രായപ്പെട്ടു.
ഇസ്രായേലില്‍ ഈമാസം 17ന് പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ തീവ്ര ജൂത വികാരം ആളിക്കത്തിക്കാന്‍ കൂടിയാണ് കൂടുതല്‍ പ്രദേശം ഇസ്രായേലിലേക്ക് ചേര്‍ക്കുമെന്നനെതന്യാഹുവിന്റെ പ്രഖ്യാപനം.
ജോര്‍ദാന്‍ താഴ്‍വരയില്‍ 65000 ഫലസ്തീനികളാണ് താമസിക്കുന്നത്. ഇത് ഇസ്രായേലിനോട് ചേര്‍ത്താല്‍ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകും.