സിറിയയിലേക്ക് കൂടുതല്‍ സൈനികരെ അയക്കില്ലെന്ന് അമേരിക്ക

സൈനികരെ അയക്കുമെന്ന വാര്‍ത്ത ശരിയല്ലെന്നും സിറിയയിലെ സൈനികരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് ശ്രമമെന്നും മുതിര്‍ന്ന സൈനിക ജനറല്‍ അറിയിച്ചു

Update: 2019-09-14 02:36 GMT

സിറിയയിലേക്ക് കൂടുതല്‍ സൈനികരെ അയക്കില്ലെന്ന് അമേരിക്ക. സൈനികരെ അയക്കുമെന്ന വാര്‍ത്ത ശരിയല്ലെന്നും സിറിയയിലെ സൈനികരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് ശ്രമമെന്നും മുതിര്‍ന്ന സൈനിക ജനറല്‍ അറിയിച്ചു. യുദ്ധരഹിത മേഖല ഒരുക്കുന്നതിന്‍റെ ഭാഗമായി വടക്കന്‍ സിറിയയില്‍ തുര്‍ക്കി സൈന്യത്തിനൊപ്പം പട്രോളിങ് നടത്തുമെന്ന് അമേരിക്ക അറിയിച്ചു.

കുര്‍ദ് സ്വാധീന മേഖലയായി വടക്കന്‍ സിറിയയില്‍ യുദ്ധ രഹിത മേഖല സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ‌സംയുക്ത പട്രോളിങിന് അമേരിക്കയും തുര്‍ക്കിയും തീരുമാനിച്ചിരുന്നു. സിറിയയില്‍ തയ്യാറാക്കുന്ന യുദ്ധരഹിത മേഖല തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള സുരക്ഷാ ഇടനാഴിയായി ഉപയോഗപ്പെടുത്താനും നീക്കമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി അമേരിക്ക 150 ട്രൂപ്പുകളെ കൂടി സിറിയയിലേക്ക് അയക്കുമെന്നായിരുന്നു വാര്‍ത്ത.

Advertising
Advertising

എന്നാല്‍ ഇത് ശരിയല്ലെന്ന് യുഎസ് മറൈന്‍ ജനറല്‍ കെന്നത്ത് മെക്കന്‍സി അറിയിച്ചു. മേഖലയില്‍ തുര്‍ക്കി സൈന്യത്തിനൊപ്പം യുഎസ് സൈന്യം പട്രോളിങ് നടത്തും. നിലവില്‍ സിറിയയിലുള്ള സൈനികരെ ഉപയോഗപ്പെടുത്തിയാകും ഇത്. സാധ്യമാകുന്ന അവസരത്തില്‍ സൈനികരുടെ എണ്ണം കുറക്കുമെന്നും മെക്കന്‍സി അറിയിച്ചു. യുദ്ധരഹിതമേഖല സ്ഥാപിക്കുന്നത് തുര്‍ക്കി അതിര്‍ത്തി കൈയ്യടക്കുന്നതില്‍ നിന്ന് കുര്‍ദ് സായുധ സംഘടന വൈപിജിയെ തടയുന്നതിന് ഗുണം ചെയ്യുമെന്നാണ് തുര്‍ക്കിയുടെ പ്രതീക്ഷ.

വൈപിജി തീവ്രവാദ സംഘടനയാണെന്നാണ് തുര്‍ക്കിയുടെ നിലപാട്. യുദ്ധരഹിത മേഖല സ്ഥാപിച്ചില്ലെങ്കില്‍ തുര്‍ക്കിയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയില്ലെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Similar News