റോബര്‍ട്ട് മുഗാബെയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങി
മൃതദേഹം ദേശീയ നായകര്‍ക്കുള്ള സ്മൃതി കുടീരത്തില്‍ സംസ്കരിക്കും. മുഗാബെയുടെ കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചു
മുന്‍ സിംബാബ്‍വെ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങി. മൃതദേഹം ദേശീയ നായകര്‍ക്കുള്ള സ്മൃതി കുടീരത്തില്‍ സംസ്കരിക്കും. മുഗാബെയുടെ കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചു.
ഹരാരെയില്‍ ദേശീയ നായകര്‍ക്കുള്ള സ്മൃതികുടിരത്തിലായിരിക്കും മുഗാബെയെ സംസ്കരിക്കുക. ഇക്കാര്യം മുഗാബെയുടെ അനന്തിരവനും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ വക്താവുമായ ലിയോ മുഗാബെ സ്ഥിരീകരിച്ചു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഐകകണ്ഠമായാണോ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ഇനിയും വ്യക്തമല്ല. മുഗാബെയുടെ സ്വദേശമായ കുതാമ ഗ്രാമത്തിലെ വീട്ടില്‍ പരമ്പരാഗത ആചാര പ്രകാരം സംസ്കാര ചടങ്ങുകള്‍ നടത്താനായിരുന്നു കുടുംബാംഗങ്ങളുടെ നേരത്തെയുള്ള തീരുമാനം. റോബര്‍ട്ട് മുഗാബെയുടെ അന്ത്യാഭിലാഷം ഇതാണെന്നും കുടുംബാംഗങ്ങള്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ നിലവിലെ പ്രസിഡന്‍റ് എമേഴ്സണ്‍ എംഗ്വാന്‍ഗ്വ റോബര്‍ട്ട് മുഗാബെയെ ദേശീയ നായകനായി പ്രഖ്യാപിക്കുകയും ഔദ്യോഗിക ചടങ്ങുകളോടെ സംസ്കാരം ചടങ്ങുകള്‍ നിശ്ചയിക്കുകയുമായിരുന്നു. നിലവില്‍ ഹാരാരെയിലെ റുഫാറോ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ് മുഗാബെയുടെ മൃതശരീരം. സംസ്കരിക്കുന്നതിന് മുമ്പ് ഞായറാഴ്ച പൊതു അനുസ്മരണ പരിപാടി നടക്കും. ഇതിന് ശേഷം മുഗാബെയുടെ സ്വദേശത്തേക്ക് ഭൌതിക ശരീരം എത്തിക്കും. ഇവിടെ പരന്പരാഗത ചടങ്ങുകള്‍ പൂര്‍ത്തീകരിക്കും. ഇതിന് ശേഷം ഞായറാഴ്ചയോടുകൂടി അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് നിലവിലെ തീരുമാനം.