ഇറാന്‍ വീണ്ടും കപ്പല്‍ പിടിച്ചെടുത്തു
ഹോർമുസ് കടലിടുക്കിൽ മറ്റൊരു കപ്പൽ കൂടി പിടിച്ചെടുത്ത് ഇറാൻ. എണ്ണ കള്ളക്കടത്ത് നടത്തുന്നു എന്നാരോപിച്ചാണ് കപ്പൽ പിടികൂടിയത്. കപ്പലിലെ 11 ജീവനക്കാരെ അറസ്റ്റ് ചെയ്തതായും ഇറാൻ വെളിപ്പെടുത്തി.
ഗൾഫ് സമുദ്രത്തിൽ രൂപപ്പെട്ട സംഘർഷം വീണ്ടും ശക്തിപ്പെടുത്തുന്നതാണ് ഇറാന്റെ നടപടി. ലിഞ്ച് എന്നു പേരുള്ള കപ്പൽ ലങ്ക തുറമുഖത്ത് നിന്നും യു.എ.ഇയിലേക്ക് പുറപ്പെട്ടതാണ്. ഇറാൻ അധിനിവേശം നടത്തിയ യു.എ.ഇയുടെ അബൂമൂസ ദ്വീപിനോട് ചേർന്നാണ് കപ്പൽ പിടികൂടിയത്. ഇന്ധന കള്ളക്കടത്തിനെ തുടർന്നാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇസ്ലാമിക് റവലൂഷനറി ഗാർഡിനെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സമുദ്രത്തിലൂടെയുള്ള സുരക്ഷിത സഞ്ചാരത്തിന് ഇറാൻ ഭീഷണി ഉയർത്തുന്നു എന്നാരോപിച്ച് അമേരിക്കയുടെയും ബ്രിട്ടെന്റെയും യുദ്ധ കപ്പലുകൾ ഇതിനകം തന്നെ ഹോർമുസ് കടലിടുക്കിൽ നിലയുറപ്പിച്ചിട്ടുണ്ട്. സൗദിയിലെ പ്രമുഖ എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്കു നേരെ കഴിഞ്ഞ ദിവസം നടന്ന തീവ്രവാദി ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന ആരോപണം അമേരിക്ക ഉന്നയിക്കുകയും മേഖലയിൽ പടയൊരുക്കം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റൊരു കപ്പൽ കൂടി ഇറാൻ പിടിച്ചെടുത്തിരിക്കുന്നത്.