നൂറാം ദിനത്തിലും തീയണയാതെ ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോഭം
100 ദിവസം പിന്നിടുമ്പോള്‍ സര്‍ക്കാറിന് നിയന്ത്രിക്കാനാകാത്തവിധം അക്രമാസക്തമായിരിക്കുകയാണ് പ്രക്ഷോഭം
നൂറാം ദിനത്തിലും തീയണയാതെ ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോഭം. കുറ്റവാളികളെ ചൈനക്ക് കൈമാറുന്ന ബില്ലിനെതിരെ ആരംഭിച്ച പ്രക്ഷോഭം, ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായ വന്‍ ജനാധിപത്യ പ്രക്ഷോഭമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പൊലീസ് നടപടികള്‍ കര്‍ക്കശമായതോടെ സമരത്തിന്റെ സമാധാന സ്വഭാവത്തിലും മാറ്റം വന്നു. 100 ദിവസം പിന്നിടുമ്പോള്‍ സര്‍ക്കാറിന് നിയന്ത്രിക്കാനാകാത്തവിധം അക്രമാസക്തമായിരിക്കുകയാണ് പ്രക്ഷോഭം. കുറ്റവാളികളെ ചൈനക്ക് കൈമാറാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ ജൂണ്‍ ഒന്‍പതിനാ
ണ് ഹോങ്കോങ്ങില്‍ സമാധാനപരമായ പ്രക്ഷോഭമാരംഭിച്ചത്. ബില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ വാശി കാണിച്ചത് സമരക്കാരിലും വാശിയേറ്റി. ദിവസങ്ങള്‍ നീണ്ട ശക്തമായ സമരങ്ങള്‍ക്കും ക്രൂരമായ പൊലീസ് നടപടികള്‍ക്കുമൊടുവില്‍ സര്‍ക്കാര്‍ തോല്‍വി സമ്മതിച്ചു. നീക്കത്തില്‍ നിന്ന് പിന്‍മാറുന്നതായും വീഴ്ച സംഭവിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ അപ്പോഴേക്കും സമരത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരുന്നു. ചൈനീസ് അധിനിവേശത്തിനെതിരായ മുദ്രാവാക്യങ്ങള്‍ക്കൊപ്പം സര്‍ക്കാറിന്റെ രാജിക്കും മുറവിളികളുയര്‍ന്നു. സര്‍ക്കാറിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് ഹോങ്കോങ് തെരുവുകളെല്ലാം ജനസമുദ്രമായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട്. ഞായറാഴ്ചകളെല്ലാം പ്രക്ഷോഭത്തിന്റെ പുതിയ ചരിത്രങ്ങളായി. ഇതോടെ ഏതുവിധേനയും പ്രക്ഷോഭം അടിച്ചമര്‍ത്താനായി സര്‍ക്കാര്‍ ശ്രമം. പൊലീസ് നടപടികള്‍ ക്രൂരമായതോടെ സമരവും അക്രമാസക്തമായി. ട്രെയിന്‍, റോഡ് ഗതാഗതങ്ങള്‍ ദിവസങ്ങളോളം തടസ്സപ്പെട്ട പ്രക്ഷോഭത്തിനിടെ പലപ്പോഴും വിമാന സര്‍വീസുകളും തടസ്സപ്പെട്ടു. കോടികളുടെ നഷ്ടവുമായി നൂറാം ദിവസവും സമരവും സര്‍ക്കാറും മുന്നോട്ട് പോകുകയാണ്. കമ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിന്റെ 70-ാം വാര്‍ഷികം വരാനിരിക്കെ വരും ദിവസങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്നാണു റിപ്പോര്‍ട്ടുകള്‍.