ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് തിരിച്ചടിയെന്ന് എക്സിറ്റ് പോള്‍ ഫലം
120 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്
ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് തിരിച്ചടിയെന്ന് എക്സിറ്റ് പോള്‍ ഫലം, നെതന്യാഹുവിന്‍റെ പ്രധാന എതിരാളി ബെന്നി ഗാന്‍സിന്‍റെ ബ്ലൂ ആന്‍റ് വൈറ്റ് സഖ്യത്തിന് നേരിയ ലീഡാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല. 120 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നെതന്യാഹിവിന്‍റെ പ്രതിപക്ഷത്തുള്ള ബ്ലൂ ആന്‍ഡ് വൈറ്റ് സഖ്യത്തിന് 32-34 സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടിക്ക് 31-33 സീറ്റുകളേ ലഭിക്കൂ. മറ്റ് പാര്‍ട്ടികള്‍ക്ക് 53-56 സീറ്റുകളും ലഭിച്ചേക്കാം.
ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. മുന്‍ പ്രതിരോധ മന്ത്രി അവിഗോര്‍ ലിബര്‍മാന്‍ കിംഗ് മേക്കറാകും. ലിബര്‍മാന്‍റെ നാഷണലിസ്റ്റ് ഇസ്രായേലി ബെയ്തിനു പാര്‍ട്ടി 10 സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം. ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കും ലികുഡ് പാര്‍ട്ടിക്കും ലിബര്‍മാന്‍റെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയില്ല എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൂട്ടുകക്ഷി സര്‍ക്കാറിനുള്ള ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു.
തീവ്രവലതുപക്ഷ കക്ഷിയായ യാമിന പാര്‍ട്ടിക്ക് ഏഴ് സീറ്റും ലഭിച്ചേക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലികുഡ് പാര്‍ട്ടിയായാലും ബ്ലൂ ആന്‍ഡ് പാര്‍ട്ടിയായാലും ഐക്യ സര്‍ക്കാറായിരിക്കുമെന്ന് ലിബര്‍മാന്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ബ്ലൂ ആന്‍ഡ് സഖ്യവുമായി ലിബര്‍മാന്‍ ധാരണയിലെത്തിയേക്കും. അങ്ങനെയെങ്കില്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്താകും.