ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി

ഇറാൻ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന മുൻവിധിയോടെയാണ് അമേരിക്കയുടെ ഭീഷണിയും പടയൊരുക്കവും

Update: 2019-09-18 02:35 GMT

സൗദിയിലെ രണ്ട് സുപ്രധാന എണ്ണകേന്ദ്രങ്ങൾക്കു നേരെ നടന്ന ഭീകരാക്രമണത്തോടെ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതിയുടെ സാഹചര്യം. ഇറാൻ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന മുൻവിധിയോടെയാണ് അമേരിക്കയുടെ ഭീഷണിയും പടയൊരുക്കവും. എന്നാൽ സൗദിയുടെ അന്തിമ തീർപ്പ് എന്തായിരിക്കുമോ അതിനെ ആശ്രയിച്ചായിരിക്കും ഇറാനെതിരായ സൈനിക നടപടിയെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന. സൗദി എണ്ണ കേന്ദ്രങ്ങൾക്കു നേരെയല്ല, മറിച്ച് ലോക എണ്ണവിതരണ പ്രക്രിയ അട്ടിമറിക്കാനാണ് ആക്രമണം ലക്ഷ്യമിട്ടതെന്നാണ് സൗദി വിലയിരുത്തൽ.

ആസൂത്രിത ഡ്രോൺ ആക്രമത്തിനു പിന്നിൽ ഇറാനാണെന്ന് അറബ് സഖ്യസേന വ്യക്തമാക്കുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകൾ ഉറപ്പു വരുത്താനാണ് നീക്കം. സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷക്ക് എല്ലാ പിന്തുണയും നൽകാൻ ലോകത്തെ പ്രബല സൈനിക വിഭാഗമായ തങ്ങൾക്ക് ബാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡൻറ് ട്രംപ് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ക്രമം അട്ടിമറിക്കാൻ ഇറാൻ തുനിഞ്ഞാൽ അതിനെ തങ്ങൾ പ്രതിരോധിക്കുമെന്ന് പെൻറഗൺ മേധാവി മാർക്ക് എസ്പർ മുന്നറിയിപ്പ് നൽകി. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽ നിന്ന് പോയവാരം ഇസ്രായേൽ പക്ഷപാതിയായ ജോൺ ബോൾട്ടൺ തെറിച്ചതോടെ ഇറാൻവിരുദ്ധ നീക്കം ദുർബലമായിരുന്നു.

Advertising
Advertising

എന്നാൽ സൗദി ആക്രമണത്തോടെ മൈക് പോംപിയോ ഉൾപ്പെടെയുള്ള യുദ്ധതൽപരർക്ക് മികച്ച അവസരമാണ് കൈവന്നത്. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് പറയാൻ സാധിക്കില്ലെന്നാണ് യു.എൻ വിലയിരുത്തൽ. ഇറാനെതിരായ സൈനിക നടപടി ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ചൈനയും റഷ്യയും അമേരിക്കക്ക് മുന്നറിയിപ്പ് നൽകി. ഭാവി ആക്രമണങ്ങളിൽ നിന്ന് സൗദി എണ്ണകേന്ദ്രങ്ങളുടെ സുരക്ഷക്കായി അമേരിക്കയും റഷ്യയും പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. ആക്രമണം സംബന്ധിച്ച സൗദിയുടെ അന്തിമ വിലയിരുത്തൽ എന്തായിരിക്കും എന്ന് ഉറ്റുനോക്കുകയാണ് ഇറാൻ മാത്രമല്ല, ലോകവും.

Tags:    

Similar News