സ്പെയിന്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക്
ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ തുടര്‍ച്ചയായ നാലാം വര്‍ഷം നാലാം തവണയാണ് തെരഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്നത്
സ്പെയിന്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക്. ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ തുടര്‍ച്ചയായ നാലാം വര്‍ഷം നാലാം തവണയാണ് തെരഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്നത്. പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്‍റെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും സഖ്യ രൂപീകരണം പരാജയപ്പെട്ടതാണ് മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി വഴിയൊരുക്കിയത്. ഇടത് പാര്‍ട്ടിയായ ഉനിദാസ് പൊദമോസുമായി സഖ്യ സാധ്യതകള്‍ വിദൂരമായതോടെയാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്.
പോപ്പുലര്‍ പാര്‍ട്ടി സിദാഡനോസ് പാര്‍ട്ടികളുമായുള്ള ധാരണ ശ്രമങ്ങളും പാളി. നടപടിക്രമങ്ങളുടെ ഭാഗമായി ഫിലിപ്പ് ആറാമന്‍ രാജാവ് വിവിധ പാര്‍ട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പെഡ്രോ സാഞ്ചസിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ ആവശ്യമായ പിന്തുണയുണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് തനിക്കാരെയും നിര്‍ദ്ദേശിക്കാനില്ലെന്ന് രാജാവ് പ്രഖ്യാപനം നടത്തുകയും ചെയ്തു. പ്രധാനമന്ത്രി പദത്തിലേക്ക് ആളെ നിര്‍ദ്ദേശിക്കുന്നതിന് 23 ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ഇതിന് മുമ്പായി രാഷ്ട്രീയ കക്ഷികള്‍ ധാരണയിലെത്താനുള്ള സാധ്യതയും വിദൂരമാണ്.
അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അടുത്തയാഴ്ച പാര്‍ലമെന്‍റ് പിരിച്ച് വിടാന്‍ ഉത്തരവാകും. അങ്ങിനെയെങ്കില്‍ നവംബര്‍ 10 ന് പൊതുതെരഞ്ഞെടുപ്പ് നടക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് താന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ മറ്റ് കക്ഷികള്‍ തന്നോട് സഹകരിച്ചില്ലെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇടക്കാല സര്‍ക്കാരുകളല്ല ഭരണ കാലാവധി പൂര്‍ത്തിയാക്കാന്‍ ഉതകുന്ന സര്‍ക്കാരാണ് സ്പെയിന്‍ ജനത ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 350 അംഗ പാര്‍ലമെന്‍റില്‍ 123 സീറ്റാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്‍റെ പാര്‍ട്ടിക്ക് നിലവില്‍ ഉള്ളത്.