ഒന്നിച്ച് ഗവണ്‍മെന്‍റ് ഉണ്ടാക്കാമെന്ന നെതന്യാഹുവിന്‍റെ ക്ഷണം നിരസിച്ച് ബെന്നി ഗാന്‍റ്സ്
ഇസ്രായേല്‍ ജനതയുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി എന്‍റെ നേതൃത്വത്തിൽ വിശാലവും ലിബറൽ ഐക്യവുമായ ഒരു ഗവണ്‍മെന്‍റ് സ്ഥാപിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് ബെന്നി ഗ്രാന്‍റ്സ് പറഞ്ഞു
ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒന്നിച്ച് ഗവണ്‍മെന്‍റ് ഉണ്ടാക്കാമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ക്ഷണം നിരസിച്ച് ബ്ലു ആന്‍റ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗാന്‍റ്സ്. ചൊവ്വാഴ്ച്ച നടന്ന പാര്‍ട്ടി മീറ്റിങ്ങിന് ശേഷമാണ് ഗാന്‍റ്സിന്‍റെ പ്രതികരണം. തെരഞ്ഞടുപ്പിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് തങ്ങള്‍. അതുകൊണ്ട് തന്നെ അഴിമതിയില്‍ മുങ്ങിയ ലിക്കുഡ് പാര്‍ട്ടിയുമായി സഖ്യം ചേരാന്‍ ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടി തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ ജനതതയുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി തന്‍റെ നേതൃത്വത്തിൽ വിശാലവും ലിബറൽ ഐക്യവുമായ ഒരു ഗവണ്‍മെന്‍റ് സ്ഥാപിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബെന്നി ഗ്രാന്‍റ്സ് പറഞ്ഞു. എന്നാല്‍ രാജ്യത്തെ രണ്ട് പ്രധാന പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച നടത്താതെ ഒരു ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സാധ്യമല്ലെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. താനുമായൊരു കൂടിക്കാഴ്ച്ചക്ക് ബെന്നി ഗാന്‍റ്സ് വിസമ്മതിച്ചതില്‍ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മത വലതുപക്ഷ പാർട്ടികളായ യാമിന, ഷാസ്, യുണൈറ്റഡ് തോറ ജൂഡായിസം നേതാക്കളുമായി ബുധനാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തി. 90 ശതമാനം വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 120 അംഗ സെനറ്റില്‍ നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടിക്കും മുഖ്യ എതിരാളി ബെന്നി ഗാന്‍റസിന്‍റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കും 32 സീറ്റ് വീതമാണ് ലഭിച്ചിട്ടുള്ളത്. ചെറു പാര്‍ട്ടികളുടെ കൂട്ടായ്മയായ അറബ് ജോയന്‍റ് ലിസ്റ്റ് 12 സീറ്റ് നേടി മൂന്നാമത്തെ വലിയകക്ഷിയായി. അവിഗ്ദര്‍ ലിബര്‍മാന്‍റെ ഇസ്രായേല്‍ ബൈതിനു പാര്‍ട്ടി 9 സീറ്റു നേടിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിച്ചിട്ടില്ല.
കഴിഞ്ഞ വോട്ടെടുപ്പിന് ശേഷം നെതന്യാഹു നേതൃത്വം നല്‍കുന്ന ലിക്കുഡ് പാര്‍ട്ടി സർക്കാർ രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇസ്രായേലില്‍ ഈ വർഷം രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പ് നടത്തിയത്. പ്രതിസന്ധി തുടരുകയാണെങ്കിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുമെന്ന് നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.