നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് അകറ്റാൻ അറബ് പാർട്ടികളുടെ കരുനീക്കം
ഗവൺമെന്റ് രൂപീകരിക്കാൻ ഗാന്റ്‌സിനെ സഹായിക്കുമെങ്കിലും ഭരണമുന്നണിയിൽ ഇരിക്കാൻ താൽപര്യമില്ലെന്ന് അയ്മന്‍ ഓദെ
ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഭരണത്തിൽ തുടരാമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതീക്ഷ അവസാനിക്കുന്നു. തീവ്ര അറബ് വിരോധിയായ നെതന്യാഹു അധികാരത്തിൽ തുടരുന്നത് തടയുന്നതിന് ഫലസ്തീൻ - അറബ് വംശജരുടെ പാർട്ടികൾ നടത്തുന്ന കരുനീക്കങ്ങൾ ഫലം കാണുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റുകൾ നേടിയ മുൻ സൈനിക ജനറൽ ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാർട്ടിയെ പിന്തുണക്കാനാണ് അറബ് പാർട്ടികളുടെ കൂട്ടായ്മയായ ഫലസ്തീൻ ജോയിന്റ് ലിസ്റ്റിന്റെ തീരുമാനം. 120 അംഗ നെസറ്റിൽ 13 സീറ്റുകൾ നേടി മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയാണ് ജോയിന്റ് ലിസ്റ്റ്.
ബെന്നി ഗാന്റ്‌സിന് നൽകുന്ന പിന്തുണ കൊണ്ട് അദ്ദേഹത്തിന്റെ നയങ്ങൾ തങ്ങൾ പിന്തുണക്കുന്നു എന്നർത്ഥമില്ലെന്നും നെതന്യാഹു ഭരണത്തിൽ തുടരുന്നത് തടയുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ജോയിന്റ് ലിസ്റ്റ് നേതാവ് അയ്മൻ ഓദെ പറഞ്ഞു. ഗവൺമെന്റ് രൂപീകരിക്കാൻ ഗാന്റ്‌സിനെ സഹായിക്കുമെങ്കിലും ഭരണമുന്നണിയിൽ ഇരിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1992-നു ശേഷം ഇതാദ്യമായാണ് ജോയിന്റ് ലിസ്റ്റ് ഇസ്രയേലിലെ ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് പിന്തുണ അറിയിക്കുന്നത്.
97 ശതമാനം ഫലം പുറത്തുവന്നപ്പോൾ ഗാന്റ്സിന്റെ പാർട്ടിക്ക് 33 സീറ്റും നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 31 സീറ്റുമാണ് ലഭിച്ചത്. ലിക്കുഡ് അടക്കം വലതുപക്ഷ, തീവ്ര യാഥാസ്ഥിതിക പാർട്ടികൾ ഉൾപ്പെടുന്ന മുന്നണിക്ക് 55 സീറ്റുകളേ നേടാനായുള്ളൂ. അതേസമയം, ജോയിന്റ് ലിസ്റ്റിന്റെ പിന്തുണ കൂടി ലഭിച്ചാൽ ബ്ലൂ ആന്റ് വൈറ്റ് ഉൾപ്പെടുന്ന മധ്യ-ഇടത് മുന്നണിക്ക് 57 സീറ്റാവും. ഫലസ്തീൻ പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഗാന്റ്‌സ് നിലപാട് വ്യക്തമാക്കിയിട്ടില്ല.
ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ വിശാല ഐക്യ ഗവൺമെന്റ് രൂപീകരിക്കാൻ കൂടെ നിൽക്കാമെന്ന നെതന്യാഹുവിന്റെ വാഗ്ദാനം ഗാന്റ്‌സ് തള്ളിയിരുന്നു. അതേസമയം, എട്ട് സീറ്റിൽ വിജയിച്ച അവിദോർ ലീബർമാന്റെ യിസ്രയേൽ ബെയ്തന്യു പാർട്ടിയുടെ നിലപാട് നിർണായമാവും. നെതന്യാഹുവും ഗാന്റ്‌സും ഒന്നിച്ചുചേർന്ന് ഗവൺമെന്റുണ്ടാക്കണമെന്ന നിലപാടാണ് ലീബർമാന്റേത്. തീവ്ര ജൂതപാർട്ടികളുമായി സഖ്യം ചേർന്ന നെതന്യാഹുവിനെയും ഫലസ്തീൻ - അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിക്കാൻ സാധ്യതയുള്ള ഗാന്റ്‌സിനെയും ഒറ്റക്ക് പിന്തുണക്കില്ലെന്ന് ലീബർമാൻ അറിയിച്ചിട്ടുണ്ട്.
വോട്ടുകൾ പൂർണമായി എണ്ണിത്തീരുന്നതോടെ ബുധനാഴ്ചയാണ് ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാവുക. ഇതിനെ തുടർന്ന് പ്രസിഡണ്ട് റ്യുവൻ റിവ്‌ലിൻ വ്യത്യസ്ത പാർട്ടികളുടെയും മുന്നണികളുടെയും നേതാക്കളുമായി ചർച്ച നടത്തും. നെതന്യാഹുവും ഗാന്റ്‌സും ഒന്നിച്ച് ഗവൺമെന്റുണ്ടാക്കണമെന്നാണ് റിവ്‌ലിന്റെ ആഗ്രഹം എന്നു സൂചനയുണ്ട്.