തോമസ് കുക്ക് പൂട്ടിയതോടെ ഒന്നര ലക്ഷം യാത്രക്കാര്‍ പെരുവഴിയില്‍
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയിരുന്ന രണ്ടായിരം കോടി രൂപ നല്‍കാന്‍ ബാങ്കുകളോ നിക്ഷേപകരോ തയാറാകാത്തതാണ് കമ്പനി പൂട്ടാന്‍ കാരണം.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് പൂട്ടിയതോടെ ജീവനക്കാരും യാത്രക്കാരും പെരുവഴിയില്‍. ഇതോടെ 20,000 ജീവനക്കാര്‍ തൊഴില്‍ രഹിതരായി. തോമസ് കുക്കിനെ പാപ്പരായും പ്രഖ്യാപിച്ചു. തോമസ് കുക്കിന്റെ നൂറിലേറെ വിമാനങ്ങളും തിരിച്ചിറക്കി.
ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയുടെ ബാധ്യത 2000 കോടിയായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെടുകയുമായിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയിരുന്ന രണ്ടായിരം കോടി രൂപ നല്‍കാന്‍ ബാങ്കുകളോ നിക്ഷേപകരോ തയാറാകാത്തതാണ് കമ്പനി പൂട്ടാന്‍ കാരണം. ഇതോടെയാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്‍തു.
തോമസ് കുക്ക് മുഖേന വിമാനയാത്രകളും ഹോട്ടല്‍ ബുക്കിങ്ങുകളും ചെയ്ത വിനോദസഞ്ചാരികളും യാത്രക്കാരും ലോകത്തിന്റെ പലഭാഗത്തായി കുടുങ്ങിപ്പോയിരിക്കുകയാണ്. അതേസമയം, യൂറോപ്പിന്റെ പലഭാഗത്തായി കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതികരിച്ചു. രണ്ടാഴ്ചക്കുള്ളില്‍ തോമസ് കുക്ക് മുഖേന യാത്രയ്ക്കായി നേരത്തെ ബുക്ക് ചെയ്തവരെയെല്ലാം സൗജന്യമായി ബ്രിട്ടനില്‍ തിരികെ എത്തിക്കുമെന്നും ആരും യാത്ര വെട്ടിച്ചുരുക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
178 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോമസ് കുക്ക് ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാവല്‍ ഗ്രൂപ്പാണ്. അതേസമയം, ബ്രിട്ടനിലെ തോമസ് കുക്കുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് തോമസ് കുക്ക് ഇന്ത്യ അറിയിച്ചു. തോമസ് കുക്ക് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്റെ കൈവശമാണെന്നും തോമസ്‌കുക്ക് യു.കെ.യ്ക്ക് തോമസ് കുക്ക് ഇന്ത്യയില്‍ പങ്കാളിത്തമില്ലെന്നും അവര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.