കെനിയയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് 7 വിദ്യാര്‍ഥികള്‍ മരിച്ചു; 64 പേര്‍ക്ക് പരിക്ക്
നെയ്‌റോബിയിൽ അനുമതിയില്ലാതെ നിർമ്മിച്ച 40,000 ത്തോളം കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കെനിയയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് എഴ് വിദ്യാര്‍ഥികള്‍ മരിച്ചു. 64 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലാണ് അപകടം
പ്രദേശിക സമയം രാവിലെ എഴ് മണിയോടെയാണ് സംഭവം. തലസ്ഥാനമായ നെയ്റോബിയിലെ പ്രെഷ്യസ് ടാലന്റ് സ്കൂളിലെ കെട്ടിടം തകര്‍ന്ന് അഞ്ച് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത് . മരത്തടികള്‍ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്‍റെ ഒന്നാം നിലയിലുണ്ടായിരുന്ന വിദ്യാര്‍ഥികളാണ് മരിച്ചത്. സംഭവത്തിൽ ഏഴ് പേർ മരിച്ചതായും 64 പേര്‍ക്ക് പരിക്കേറ്റതായും വിദ്യാഭ്യാസ സെക്രട്ടറി ജോർജ് മഗോഹ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും രണ്ടുപേർക്ക് ഗുരുതര പരിക്കുള്ളതായും മഗോഹ പറഞ്ഞു. അപകടകാരണത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായി കെനിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
നെയ്‌റോബിയിൽ അനുമതിയില്ലാതെ നിർമ്മിച്ച 40,000 ത്തോളം കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.