പൊരിച്ച കോഴിയുമായി ചരിത്രം സൃഷ്ടിച്ച സാന്‍ഡേഴ്സിന്‍റെ കെ.എഫ്.സിക്ക് ഇന്ന് 67 വയസ്
കെ എഫ് സി ഒരു വിഭവം മാത്രമല്ല, തോല്‍ക്കാന്‍ മനസ്സില്ലാത്തവന്‍റെ ചരിത്രം കൂടിയാണ്;
പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്നതും ലോകം മുഴുവന്‍ നീളുന്ന ഒരു ഭക്ഷണശൃംഖലയാണ് കെ.എഫ്.സി. ഈ ബ്രാന്‍ഡ് നാമത്തിന് പിന്നില്‍ ഒരു വയോധികന്‍റെ കഠിന പരിശ്രമത്തിന്റെ കഥയുണ്ട്. 1952 സെപ്തംബര്‍ 24ന് കെ.എഫ്.സി ആരംഭിക്കുമ്പോള്‍ അതിന്‍റെ സ്ഥാപകന്‍ കേണല്‍ സാന്‍ഡേഴ്സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഹാര്‍ലണ്ട് ഡേവിഡ് സാന്‍ഡേഴ്സന് വയസ് 65. ഇന്നേക്ക് 67 വര്‍ഷം പിന്നിടുന്നു കെന്‍റക്കി ഫ്രൈഡ് ചിക്കന്‍ എന്ന കെ.എഫ്സിക്ക്.
കേണല്‍ സാന്‍ഡേഴ്സിന് 65 വയസ് വരെ ജീവിതത്തില്‍ പരാജയം മാത്രമായിരുന്നു കൂട്ട്. ആയിരത്തിലധികം റസ്റ്റോറന്റുകള്‍ മുഴുവന്‍ കയറി ഇറങ്ങി തന്റെ ചിക്കന്‍ വില്‍ക്കാന്‍ ശ്രമിച്ചു, എന്നാല്‍ എല്ലാവരും നിരസിച്ചു. ഇവിടെ നിന്നുമാണ് ലോകത്തെ രണ്ടാമത്തെ ഭക്ഷ്യശ്യംഖലയായി 136 രാജ്യങ്ങളില്‍ 22,000-ത്തിലധികം ഔട്ട് ലെറ്റുകളില്‍ ചിക്കന്‍ കൊണ്ട് കേണല്‍ സാന്‍ഡേഴ്സ് വിജയഗാഥ രചിച്ചത്. കേണല്‍ സാന്‍ഡേഴ്സിന്റെ അഞ്ചാം വയസില്‍ അച്ഛന്‍ മരിച്ചു. ദാരിദ്ര്യം മൂലം പതിനാറാം വയസില്‍ പഠനം നിര്‍ത്തി. ലക്ഷ്യബോധമില്ലാതെ നിരവധി ജോലികള്‍ ചെയ്തു. എന്നാല്‍ ഒരു ജോലിയിലും അദ്ദേഹത്തിന് സ്ഥിരതയുണ്ടായിരുന്നില്ല.
എങ്കിലും അദ്ദേഹം തന്റെ പരിശ്രമം തുടര്‍ന്ന് കൊണ്ടേയിരുന്നു. തന്റെ 65ആം വയസില്‍ റിട്ടയര്‍ ചെയ്തപ്പോള്‍ ആകെ കയ്യിലുണ്ടായിരുന്നത് 105 ഡോളര്‍. ജീവിതത്തിലെ 65 വര്‍ഷങ്ങള്‍ തീര്‍ത്തും പരാജയമാണെന്ന് വിലയിരുത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അതിന് തൊട്ടുമുമ്പ് ജീവിതത്തെ കുറിച്ചുള്ള ഒരു വിലയിരുത്തലില്‍ തനിക്ക് എന്ത് കഴിവാണുള്ളതെന്ന് സ്വയം തിരിച്ചറിഞ്ഞു. പാചകമാണ് തന്‍റെ മേഖലയെന്നും ചിക്കന്‍ വിഭവങ്ങളുണ്ടാക്കാന്‍ തനിക്ക് വൈദഗ്ധ്യമുണ്ടെന്നുമുള്ള സാന്‍ഡേഴ്സന്‍റെ തിരിച്ചവറിവാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ആത്മഹത്യ ചെയ്യാനുള്ള തീരുമാനം മാറ്റി. 85 ഡോളര്‍ കടംവാങ്ങി. അതുപയോഗിച്ച് തനിക്കറിയാവുന്ന മസാലക്കൂട്ടുകള്‍ ചേര്‍ത്ത് ചിക്കന്‍ ഫ്രൈ ചെയ്ത് വീടുകളിലും കടകളിലും കയറിയിറങ്ങി . വാങ്ങാന്‍ ആരും തയ്യാറായില്ല. എന്നാല്‍ ചില നിബന്ധനകളോടെ ഒരു റസ്റ്റോറന്റ് മാത്രം വില്‍പ്പന നടത്താന്‍ തയ്യാറായി. ആ വിഭവത്തിന്റെ സ്വാദ് കൂടുതല്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചു. പിന്നെ നടന്നത് ചരിത്രം. ഇതാണ് കെഎഫ്സി എന്ന കെന്റകി ഫ്രൈഡ് ചിക്കന്‍. ഈ ലോകോത്തര ബ്രാന്‍ഡ് കെന്‍റക്കിയിലാണ് ആദ്യം തുടങ്ങിയത്. പ്രതിവര്‍ഷം 25 ബില്യണ്‍ വരുമാനമുള്ള, ധാരാളം പേർക്ക് തൊഴിൽ നൽകുന്ന വ്യക്തിയായി ഹാര്‍ലണ്ട് ഡേവിഡ് സാന്‍ഡേഴ്സ് മാറി. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായി അനേക വര്‍ഷം തുടര്‍ന്ന അദ്ദേഹം പിന്നീടതിന്റെ നിര്‍മാണ അവകാശം വന്‍ തുകക്ക് കൈമാറി.എന്നാല്‍ രഹസ്യക്കൂട്ട് ഇന്നും രഹസ്യമായി തന്നെ തുടരുന്നു. ലുക്കീമിയ ബാധിച്ച് 1980ല്‍ തൊണ്ണൂറാം വയസിലായിരുന്നു സാന്‍ഡേഴ്സന്‍റെ അന്ത്യം.