തയാറെടുപ്പുകൾ പൂർത്തിയായി; അല്‍പ സമയത്തിനകം ബഹിരാകാശനിലയത്തിലേക്ക് യു.എ.ഇയുടെ ആദ്യ യാത്രികന്‍
കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോ ഡ്രോമില്‍ നിന്നാണ് യു.എ.ഇക്കാരനായ ഹസ അല്‍ മന്‍സൂറി യാത്ര പുറപ്പെടുക
രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കുള്ള യു.എ.ഇയുടെ ആദ്യ സഞ്ചാരി അല്‍പസമയത്തിനകം യാത്ര തിരിക്കും. കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോ ഡ്രോമില്‍ നിന്നാണ് യു.എ.ഇക്കാരനായ ഹസ അല്‍ മന്‍സൂറി യാത്ര പുറപ്പെടുക. വൈകീട്ട് 5.56നാണ് കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോ ഡ്രോമില്‍ നിന്ന് ഹസ അല്‍ മന്‍സൂറി ഉള്‍പ്പെടെ മൂന്ന് പേര്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുക. ഇതാദ്യമായാണ് ഒരു യു.എ.ഇക്കാരന്‍ ബഹിരാകാശ യാത്രയുടെ ഭാഗമാകുന്നത്.
കൂടെ യു.എ.ഇ.യുടെ പ്രതീകമായി സുഹൈൽ എന്ന പാവക്കുട്ടി കൂടിയുണ്ടാവും. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്ക്രിപോഷ്ക, യു.എസിലെ ജെസീക്ക മീര്‍ എന്നിവരാണ് സഹയാത്രികര്‍. റഷ്യയുടെ സോയൂസ് എം.എസ് 15 പേടകത്തിലാണ് ബഹിരാകാശ യാത്ര. യാത്ര തുടങ്ങി ആറ് മണിക്കൂറിനകം ബഹിരാകാശ നിലയത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. അടുത്ത മാസം നാലിന് തിരികെ എത്തും. യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍റര്‍ അറിയിച്ചു. ബഹിരാകാശ യാത്രികന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഭാവുകങ്ങൾ നേർന്നു.