കാസിം സുലൈമാനിയെ വധിക്കാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തിയതായി ഇറാൻ

അറബ്-ഇസ്രയേൽ ഗൂഢാലോചനയായിരുന്നു പദ്ധതിയുടെ പിന്നിലെന്ന് ഇറാന്‍ സര്‍ക്കാര്‍ ആരോപിച്ചു

Update: 2019-10-04 02:38 GMT

ഇറാനിലെ എലൈറ്റ് ഖുദ്സ് ഫോഴ്‌സിന്‍റെ തലവന്‍ മേജർ ജനറൽ കാസിം സുലൈമാനിയെ വധിക്കാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തിയതായി ഇറാൻ. അറബ്-ഇസ്രയേൽ ഗൂഢാലോചനയായിരുന്നു പദ്ധതിയുടെ പിന്നിലെന്ന് ഇറാന്‍ സര്‍ക്കാര്‍ ആരോപിച്ചു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടക്കുന്നതായും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബർ 9, 10 തീയതികളിൽ ആശൂറാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങുകള്‍ക്കിടെ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ആസൂത്രിത നീക്കങ്ങളിലൂടെ പദ്ധതി തകര്‍ക്കുകയായിരുന്നുവെന്നും ഇറാന്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ സീനിയർ കമാൻഡറായിരുന്നു മേജർ ജനറൽ കാസിം സുലൈമാനി.

Advertising
Advertising

നിലവില്‍ എലൈറ്റ് ഖുദ്സ് ഫോഴ്‌സിന്‍റെ തലവനായി സേവനമനുഷ്ടിക്കുന്ന സുലൈമാനിക്ക് അടുത്തിടെ രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സുല്‍ഫികര്‍ അവാര്‍ഡും ലഭിച്ചിരുന്നു. അറബ് ചാരസംഘടനകളും ഇസ്രായേലും നടത്തിയ ഗൂഢാലോചനയാണ് പൊളിഞ്ഞതെന്നു പറഞ്ഞ ഇറാന് അധികൃതര്‍, കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പറഞ്ഞു. വധശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദേശ ബന്ധമുള്ള മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും രഹസ്യാന്വേഷണ വിഭാഗം മേധാവി ഹുസൈൻ തായിബിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കെർമാൻ നഗരത്തിൽ സുലൈമാനിയുടെ പിതാവ് പണിത പള്ളിക്ക് സമീപം ഭൂമി വാങ്ങുകയും അവിടം മുതല്‍ പള്ളിവരെ തുരങ്കം നിര്‍മിച്ച് സ്ഫോടകവസ്തുക്കൾ നിറക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.

ആശൂറാ ദിനത്തില്‍ ഷിയാ വിലാപ ചടങ്ങിനായി സുലൈമാനി പള്ളിയിൽ പ്രവേശിച്ചയുടനെ സ്ഥലം തകർക്കാനായിരുന്നു പദ്ധതി. ഇറാന്‍റെ സൈനിക തന്ത്രങ്ങളുടെ സൂത്രധാരനായി കണക്കാക്കപ്പെടുന്ന, സുലൈമാനിയെ വധിക്കാന്‍ മുമ്പും ശ്രമങ്ങളുണ്ടായിട്ടുണ്ട്. അതേസമയം, പദ്ധതിയിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന അറബ് രാജ്യങ്ങളുടെ പേര് ഇറാന്‍ പുറത്തുവിട്ടിട്ടില്ല.

Tags:    

Similar News