ട്രംപിനെതിരായ ഇംപീച്ച്മെന്റിന് ഉടക്കുമായി വെെറ്റ്ഹൗസ്
ബൈഡനെതിരെയുള്ള അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരമായി 400 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം ഉക്രൈന് പ്രസിഡന്റിന് ട്രംപ് വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികളുടെ ഭാഗമായി യൂറോപ്യന്‍ യൂണിയനിലെ അമേരിക്കന്‍ അംബാസിഡറായിരുന്ന ഗോര്‍ഡന്‍ സണ്‍ഡ്‍ലാന്‍ഡില്‍ നിന്ന് തെളിവെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് വൈറ്റ്ഹൌസ്. സണ്‍ഡ്‍ലാന്‍ഡില്‍ നിന്ന് തെളിവെടുക്കുമെന്നാണ് ഡെമോക്രാറ്റുകള്‍ അംഗങ്ങളായ പാര്‍ലമെന്റ് സമിതി പ്രഖ്യാപിച്ചിരുന്നത്.
2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ എതിരാളിയാകുമെന്ന് കരുതപ്പെടുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോണ്‍ ബൈഡനെ കുടുക്കുന്നതിന് വേണ്ടി ഉക്രൈനുമായി ഗൂഡാലോചന നടത്തിയെന്നാണ് ട്രംപിനെതിരായ ഇംപീച്ച് നടപടികളിലേക്ക് നയിച്ച ആരോപണം. ബൈഡനെതിരെയുള്ള അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരമായി 400 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം ഉക്രൈന് പ്രസിഡന്റിന് ട്രംപ് വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.
ഉക്രൈനുമായുള്ള ഇടപാടുകളില്‍ യൂറോപ്യന്‍ യൂണിയന്‍ അംബാസിഡറായ ഗോര്‍ഡന്‍ സണ്‍ഡ്‍ലാന്‍ഡ് പങ്കാളിയായെന്നാണ് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലാത്ത ഉക്രൈനുമായുളള ഇടപാടുകളില്‍ ഇദ്ദേഹം എങ്ങനെ പങ്കാളിയായി എന്നത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ലമെന്റ് ഉപസമിതി നോട്ടീസ് നല്‍കിയത്.
ഉക്രൈനുമായുള്ള ബന്ധം ശക്തമാക്കുന്നതിന് ട്രംപ് തന്നെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടെന്ന് സണ്‍ഡ്‍ലാന്‍ഡ് നേരത്തെ ഒരു ടി.വി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വിലക്ക് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു കഴിഞ്ഞാല്‍ നിയമ പ്രകാരമുള്ള ഏത് രേഖകളും നല്‍കാന്‍ തയ്യാറാണെന്ന് സണ്‍ഡ്‍ലാന്‍ഡിന്റെ ഓഫീസ് പ്രതികരിച്ചു.
അതേസമയം തെളിവെടുപ്പില്‍ ഹാജരാകാന്‍ അംബാസിഡറെ വിലക്കിയത് വഴി വൈറ്റ്ഹൌസ് അവകാശ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് പാര്‍ലമെന്റ് ഉപസമിതിയുടെ അധ്യക്ഷന്‍ പ്രതികരിച്ചു.