ഉയിഗൂര്‍ മുസ്‌ലിം പീഡനം: ചൈനയിലെ ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയുടെ വിലക്ക്
ഉയിഗൂര്‍ മുസ്‌ലിം പീഡനം ചൂണ്ടിക്കാട്ടി നേരത്തെ 28 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക വിസാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായ പീഡനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയുടെ വിലക്ക്. ഇതെകാരണം നിരത്തി നേരത്തെ 28 ചൈനീസ് കമ്പനികളെ യു.എസ് കരിമ്പട്ടികയില്‍ പെടുത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക വിലക്കേര്‍പ്പെടുത്തുന്നത്. എന്നാല്‍ ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്കാണ് വിസയിലുള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്ന് അമേരിക്ക വ്യക്തമാക്കുന്നില്ല.
ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കണമെന്നും തടവിലുള്ളവരെ വിട്ടയക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കുന്നു. അമേരിക്കയും ചൈനയും തമ്മിലെ വ്യാപാര യുദ്ധം അയവില്ലാതെ തുടരുന്നതിനിടെയാണ് ചൈനക്ക് നേരെയുള്ള അമേരിക്കയുടെ വിസാനിയന്ത്രണം. അതേസമയം അമേരിക്കയുടെ പുതിയ നിയന്ത്രണത്തില്‍ ചൈന പ്രതികരിച്ചിട്ടില്ല.
ഉയിഗൂര്‍ വംശജര്‍ക്കെതിരെ തങ്ങളൊന്നും ചെയ്യുന്നില്ലെന്നാണ് ചൈന നിരന്തരം വ്യക്തമാക്കുന്നത്. ചൈനീസ് സര്‍ക്കാറുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ് അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തിയിരുന്നത്. ചൈനയുടെ ഫേസ് റെക്കഗ്നിഷ്യന്‍, രഹസ്യ നിരീക്ഷണ വിദ്യ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പരീക്ഷണങ്ങള്‍ നടത്തിവരുന്ന കമ്പനികളാണിത്. ഉയിഗൂര്‍ മുസ്‌ലിംകളെ ജയിലിലടച്ചതും ഇവരെ രഹസ്യനിരീക്ഷണ വലയത്തിലാക്കിയതിലും പ്രധാന പങ്കുവഹിച്ചവരാണ് ഈ കമ്പനികളെന്നാണ് യുഎസ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.