ബ്രെക്സിറ്റില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും ധാരണയിലെത്തി
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഴാന്‍ ക്ലൌഡ് ജങ്കറും ഏകദേശം ഒരേ സമയത്താണ് പുതിയ ബ്രെക്സിറ്റ് കരാറില്‍ ധാരണയായെന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്
ബ്രെക്സിറ്റ് കരാറില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും ധാരണയിലെത്തി. ബ്രസല്‍സിലെ ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ചര്‍ച്ചയിലാണ് ധാരണയിലായത്. യുകെ, യൂറോപ്യന്‍ പാര്‍ലമെന്റുകള്‍ ധാരണ അംഗീകരിച്ചാല്‍ ബ്രെക്സിറ്റ് നടപ്പിലാക്കാം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഴാന്‍ ക്ലൌഡ് ജങ്കറും ഏകദേശം ഒരേ സമയത്താണ് പുതിയ ബ്രെക്സിറ്റ് കരാറില്‍ ധാരണയായെന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മഹത്തായ പുതിയ കരാറിലെത്തിയിരിക്കുന്നുവെന്നാണ് ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. ഇരു കൂട്ടരേയും സംബന്ധിച്ചിടത്തോളം ന്യായവും സന്തുലിതവുമാണ് പുതിയ കരാറെന്നായിരുന്നു ഴാന്‍ ക്ലൌഡിന്റെ പ്രതികരണം. കരാറിന്റെ നിയമവശങ്ങൾ സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. എന്നാല്‍ ബ്രിട്ടീഷ് യൂറോപ്യന്‍ പാര്‍ലമെന്റുകള്‍ പുതിയ ധാരണ അംഗീകരിച്ചാല്‍ മാത്രമെ ബ്രെക്സിറ്റ് നടപ്പാക്കാനാകൂ. ശനിയാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ ബോറിസ് ജോണ്‍സണ്‍ പുതിയ കരാര്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ പിന്തുണ ഉറപ്പാക്കുക ബോറിസ് ജോണ്‍സണെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്. മുന്പ് മൂന്ന് തവണ മുന്‍ പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച കരാറുകള്‍ പാര്‍ലമന്റ് തള്ളിയിരുന്നു. തുടര്‍ന്നായിരുന്നു തെരേസാമേയുടെ രാജി. മേ അവതരിപ്പിച്ചതിനേക്കാള്‍ മോശമാണ് പുതിയ കരാറെന്നും ഇത് അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍ പ്രതികരിച്ചു.