കാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസ്; 33,000 ബോട്ടില്‍ ബേബി പൗഡര്‍ തിരിച്ചുവിളിച്ച് ജോണ്‍സണ്‍ & ജോണ്‍സണ്‍
ബേബി പൗഡര്‍ ഉള്‍പ്പെടെ ജോണ്‍സണ്‍ & ജോണ്‍സണിന്റെ നിരവധി ഉല്‍പന്നങ്ങള്‍ മുന്‍പും ആരോപണം നേരിട്ടിരുന്നു
ബേബി പൗഡറില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്‌റ്റോസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിപണിയിലെ ഉല്‍പന്നങ്ങള്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ തിരിച്ചുവിളിച്ചു. 33,000 ബോട്ടില്‍ ബേബി പൗഡറുകളാണ് കമ്പനി തിരിച്ചുവിളിച്ചത്. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യു.എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ആസ്ബസ്‌റ്റോസിന്റെ അളവ് കണ്ടെത്തിയത്.
ജോണ്‍സണ്‍ & ജോണ്‍സന്റെ 130 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്നത്. ബേബി പൗഡര്‍ ഉള്‍പ്പെടെ ജോണ്‍സണ്‍ & ജോണ്‍സണിന്റെ നിരവധി ഉല്‍പന്നങ്ങള്‍ മുന്‍പും ആരോപണം നേരിട്ടിരുന്നു. വൈദ്യ ഉപകരണങ്ങള്‍, ചില മരുന്നുകള്‍ എന്നിവക്കെതിരെയും യു.എസില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ ബാധിച്ച കേസില്‍ കമ്പനിക്ക് 32,000 കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് അര്‍ബുദം പിടികൂടിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. അസുഖം ബാധിച്ച 22 സ്ത്രീകളില്‍ ആറ് പേര്‍ മരിച്ചിരുന്നു.
കാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍) ആണ് ഉല്‍പ്പനം നിരോധിച്ച് ഉത്തവിട്ടത്.