ബഹിരാകാശത്ത് വനിതകളുടെ ചരിത്ര നടത്തം
അമേരിക്കക്കാരായ ക്രിസ്റ്റീന കോക്, ജെസീക്ക മീര്‍ എന്നിവരാണ് വിജയകരമായി ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയത്.
നേട്ടങ്ങളുടെ ആകാശം കീഴടക്കി ബഹിരാകാശത്ത് വനിതകളുടെ ചരിത്ര നടത്തം. അമേരിക്കക്കാരായ ക്രിസ്റ്റീന കോക്, ജെസീക്ക മീര്‍ എന്നിവരാണ് വിജയകരമായി ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ പവര്‍ കണ്‍ട്രോളറുകളിലൊന്ന് മാറ്റി പുതിയത് സ്ഥാപിക്കുകയെന്ന ലക്ഷ്യമാണ് ക്രിസ്റ്റീനയും ജസീക്കയും വിജയകരമായി പൂര്‍ത്തീകരിച്ചത്.
നിലയത്തിലെ ബിസിഡിയു എന്നറിയപ്പെടുന്ന ഏകദേശം 105 കിലോഗ്രാം ഭാരം വരുന്ന ബാറ്ററി ചാര്‍ജ് ആന്റ് ഡിസ്ചാര്‍ജ് യൂണിറ്റാണ് ഇരുവരും ചേര്‍ന്ന് മാറ്റിസ്ഥാപിച്ചത്. 14 തവണ പുരുഷ സ്ത്രീ സഞ്ചാരികള്‍ ഒരുമിച്ച് ബഹിരാകാശത്ത് നടന്ന് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെങ്കിലും വനിതകള്‍ മാത്രം ഇതാദ്യമായാണ്. ക്രിസ്റ്റീനയേയും ജസീക്കയേയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു. അസാധ്യ ധൈര്യശാലികളാണ് നിങ്ങളെന്നും ഇക്കാര്യം ചെയ്യണമെന്ന് തനിക്ക് ഒരിക്കല്‍ പോലും തോന്നില്ലെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ചയാണ് ബാറ്ററി സംവിധാനത്തിന് തകരാര്‍ സംഭവിച്ചത് . ഒക്ടോബര്‍ 21ന് നിശ്ചയിച്ചിരുന്ന ബഹിരാകാശ നടത്തം നേരത്തെയാക്കുകയായിരുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനിയറാണ് ക്രിസ്റ്റീന. ഏറ്റവും കൂടുതല്‍ തവണ ബഹിരാകാശത്ത് കഴിഞ്ഞതിന്റെ റെക്കോര്‍ഡും ക്രിസ്റ്റീനക്ക് അരികിലാണ്. മറൈന്‍ ബയോളജിയില്‍ ഡോക്ടറേറ്റുള്ള ജസീക്കയുടെ ആദ്യ ബഹിരാകാശ നടത്തമാണിത്.