വിദ്യാർഥിനിയെ ജീവനോടെ കത്തിച്ചു കൊന്ന കേസിൽ പതിനാറു പേർക്ക് വധശിക്ഷ

ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റ് അഞ്ചു ദിവസം ആശുപത്രിയിൽ കിടന്ന ജഹാൻ ഏപ്രിൽ പത്തിനാണ് മരണത്തിന് കീഴടങ്ങിയത്.

Update: 2019-10-24 16:31 GMT

പത്തൊമ്പതുകാരി വിദ്യാർഥിനി നുസ്രത്ത് ജഹാൻ റാഫിയെ മണ്ണണ്ണയൊഴിച്ച് ജീവനോടെ കത്തിച്ചു കൊന്ന കേസിൽ പ്രധാനധ്യാപകനും സഹപാഠികളുമടക്കം പതിനാറു പേരെ മരണം വരെ തൂക്കിലേറ്റണമെന്ന് വിധിച്ച് ബംഗ്ലാദേശ് ഫെനിയിലെ കോടതി. ഏപ്രിലിലാണ് രാജ്യത്തെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്.

താൻ പഠിച്ചിരുന്ന മതപാഠശാലയിലെ പ്രധാനധ്യാപകനെതിരെ പൊലീസിൽ നൽകിയ ലൈംഗിക പീഡന പരാതി പിൻവലിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സഹപാഠികളടക്കം സംഘം ചേർന്ന് ജഹാനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.

സ്ഥാപനത്തിന്റെ മുകൾ നിലയിൽ കൊണ്ടു പോയാണ് പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ അക്രമികൾ ജഹാനോട് ആവശ്യപ്പെട്ടത്. ആവശ്യം നിരസിച്ചതിനെ തുടർന്ന് കൈകാലുകൾ ബന്ധിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

Advertising
Advertising

ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റ് അഞ്ചു ദിവസം ആശുപത്രിയിൽ കിടന്ന ജഹാൻ ഏപ്രിൽ പത്തിനാണ് മരണത്തിന് കീഴടങ്ങിയത്.

കൃത്യമായ നിയമവാഴ്ച്ച രാജ്യത്തുണ്ടെന്നും ബംഗ്ലാദേശിൽ ആരും കൊലപാതക കേസുകളിൽ നിന്നും രക്ഷപ്പെടില്ലെന്നുമാണ് വിധി തെളിയിക്കുന്നതെന്ന് വിധിക്ക് ശേഷം തിരക്കേറിയ കോടതിമുറിയിൽ വെച്ച് പ്രോസിക്യൂട്ടർ ഹാഫിസ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകത്തിന് ശേഷം വലിയ പ്രധിഷേധങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. മാത്രമല്ല, 165 മില്ല്യൺ ജനങ്ങൾ വസിക്കുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ലൈംഗികാതിക്രമങ്ങളുടെ ഭയാനകമായ വർദ്ധനവിനെ ഉയർത്തിക്കാട്ടുന്നതുമായി മാറി ഈ സംഭവം.

കുറ്റവാളികൾക്ക് മാതൃകാപരമായി കടുത്ത ശിക്ഷകൾ തന്നെ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളോളം തലസ്ഥാന നഗരിയായ ധാക്കയിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയതിനെ തുടർന്ന് കൊലയുമായി ബന്ധപ്പെട്ട എല്ലാവരേയും പ്രോസിക്ക്യൂട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രി ഷൈഖ് ഹസീന വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാർച്ച് അവസാനത്തില്‍‍ തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ വീഡിയോ തെളിവ് സഹിതം ജഹാൻ പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും അധികൃതർ വിഷയം
ഗൗരവത്തിലെടുത്തിരുന്നില്ല.

കേസുമായി ബന്ധപ്പെട്ട് തുടക്കത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട 18 പേരിലൊരാൾ ആക്രമണത്തിന് നിർദേശം നൽകിയ ഈ പ്രധാനധ്യാപകനാണ്.

തനിക്കെതിരെ നൽകിയ പരാതി പിൻവലിക്കാൻ ജഹാനോട് ആവശ്യപ്പെടാനും നിരസിച്ചാൽ കൊന്ന് കളയാനുമാണ് അധ്യാപകൻ പ്രതികളോട് നിർദേശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു.

കൊലയെ ആത്മഹത്യയായി ചിത്രീകരിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടതെങ്കിലും തന്നെ ബന്ധിച്ച സ്കാർഫുകൾക്ക് തീ പിടിച്ചതോടെ ജഹാൻ താഴേക്കോടുകയായിരുന്നു.

കൊലപാതകത്തിനു ശേഷം ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് വേണ്ടി സമിതികൾ രൂപീകരിക്കാൻ രാജ്യത്തെ 27000 സ്കൂളുകൾക്ക് ഭരണകൂടം നിർ‍ദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയിലെ വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് പ്രതിഭാഗം വക്കീൽ പറഞ്ഞു. കേസിൽ 62 ദിവസം മാത്രമെടുത്ത് അതിവേഗത്തിലാണ് കോടതി വിധി പ്രസ്ഥാവിച്ചത്.

Tags:    

Similar News