കണ്ടെയ്‌നര്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേത്
ബള്‍ഗേറിയ-തുര്‍ക്കി അതിര്‍ത്തി അടച്ചശേഷം അനധികൃത കുടിയേറ്റക്കാര്‍ ട്രക്കുകളില്‍ ഒളിച്ചിരുന്ന് പശ്ചിമ യൂറോപ്പിലേക്ക് കടക്കുന്നത് പതിവാണ്
ലണ്ടനില്‍ ശീതീകരിച്ച കണ്ടെയ്‌നര്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടെതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം എസെക്‌സ് കൗണ്ടിയിലെ ഈസ്റ്റേണ്‍ അവന്യൂവിലാണ് മൃതദേഹങ്ങള്‍ നിറഞ്ഞ ട്രക്ക് കണ്ടെത്തിയത്. 38 മുതിര്‍ന്നവരും കൗമാരപ്രായത്തിലുള്ള ഒരാളുമാണ് കൊല്ലപ്പെട്ടത്.
ശീതീകരണ സംവിധാനമുള്ള കണ്ടെയ്‌നറിനുള്ളില്‍ -25 ഡിഗ്രി തണുപ്പില്‍ മരവിച്ചാണ് ഇവര്‍ മരിച്ചതെന്നാണു സൂചന സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലോറി ഡ്രൈവര്‍. വടക്കൻ അയർലന്റ് സ്വദേശി മോറോബിൻസണെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബള്‍ഗേറിയന്‍ അധികൃതര്‍ ട്രക്കിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്രിട്ടനു കൈമാറിയെന്നാണു സൂചന. ബള്‍ഗേറിയയില്‍ നിന്ന് അയര്‍ലന്‍ഡിലെ ഹോളിഹെഡ് നഗരം വഴി ശനിയാഴ്ചയാണ് ട്രക്ക് ബ്രിട്ടനിലെത്തിയത്. ലോറിയുടെ മുൻഭാഗമായ ട്രാക്ടർ യൂണിറ്റ് വടക്കൻ അയർലന്റിൽ നിന്നാണ് വന്നെതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് എസക്‌സിനടുത്തുള്ള ഗ്രേസിലെ വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിൽ നിന്ന് ലോറിയിൽ കടത്തുകയായിരുന്ന മൃതദേഹങ്ങൾ കണ്ടെത്തിയത്. ബള്‍ഗേറിയ-തുര്‍ക്കി അതിര്‍ത്തി അടച്ചശേഷം അനധികൃത കുടിയേറ്റക്കാര്‍ ട്രക്കുകളില്‍ ഒളിച്ചിരുന്ന് പശ്ചിമ യൂറോപ്പിലേക്ക് കടക്കുന്നത് പതിവാണ്. സംഭവവുമായി ബന്ധപ്പെട്ട് വടക്കൻ അയർലന്റിലെ രണ്ട് വീടുകൾ പൊലീസ് റെയ്ഡ് ചെയ്തു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതുന്ന ക്രിമിനൽ സംഘങ്ങളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ദേശീയ ക്രൈം ഏജൻസി അറിയിച്ചു. ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച 58 ചൈനക്കാരുടെ മൃതദേഹങ്ങള്‍ 2000 ജൂണിൽ സമാനമായ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു.