ബഗ്ദാദിയെ കൊലപ്പെടുത്തിയ യു.എസ് നടപടിയെ പിന്തുണച്ച് ഫ്രാൻസ്
തീവ്രവാദവിരുദ്ധ മുന്നേറ്റത്തിന് ഇത് ശക്തി പകരുമെന്നാണ് ഫ്രാൻസിന്റെ വിലയിരുത്തൽ
ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബഗ്ദാദിയെ കൊലപ്പെടുത്തിയ യു.എസ് നടപടിയെ പിന്തുണച്ച് ഫ്രാൻസ്. അബൂദബിയിലെത്തിയ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ വൈവ്സ് ലി ഡ്രിയാൻ യു.എസ് നടപടിയെ പ്രകീർത്തിച്ചു. തീവ്രവാദവിരുദ്ധ മുന്നേറ്റത്തിന് ഇത് ശക്തി പകരുമെന്നാണ് ഫ്രാൻസിന്റെ വിലയിരുത്തൽ.
പശ്ചിമേഷ്യ കേന്ദ്രീകരിച്ച തീവ്രവാദ വിഭാഗങ്ങൾക്ക് ലഭിച്ച വലിയ തിരിച്ചടിയാണിതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. അതേസമയം ഐ.എസിനെതിരായ അന്താരാഷ്ട്ര സഖ്യം കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം വ്യക്തമാക്കി. ബഗ്ദാദിയെ കൊലപ്പെടുത്തിയാലും സംഘടനയെ അമർച്ച ചെയ്യും വരെ പോരാട്ടം തുടരണം. അബൂദബിയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധം ഉൾപ്പെടെയുള്ള എല്ലാ തലങ്ങളിലും ഗൾഫ് രാജ്യങ്ങളുമായി അടുത്ത സഹകരണം രൂപപ്പെടുത്താനുള്ള നീക്കത്തിലാണ് ഫ്രാൻസ്. ഗൾഫ് സുരക്ഷ ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളുമായും സഹകരിച്ചു പ്രവർത്തിക്കുമെന്നും ഫ്രാൻസ് അറിയിച്ചു. അതേസമയം മേഖലയിൽ ഇറാൻ ഉയർത്തുന്ന വെല്ലുവിളിയെ കുറിച്ച് യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഫ്രാൻസിനെ ധരിപ്പിച്ചിട്ടുണ്ട്. ഇറാനും അമേരിക്കയും തമ്മിലെ സംഘർഷം ലഘൂകരിക്കാൻ ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചില നല്ല ചുവടുവെപ്പുകൾ നടത്തി വരികയാണ്.