യൂറോപിലെ ആദ്യ പരിസ്ഥിതി സൗഹൃദ മുസ്‍ലിം പള്ളി ഉദ്ഘാടനം ചെയ്ത് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍
യൂറോപിലെ ആദ്യ പരിസ്ഥിതി സൗഹൃദ മുസ്‍ലിം പള്ളി തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍ ഉദ്ഘാടനം ചെയ്തു. യൂറോപിലെ കേംബ്രിഡ്ജ് സെന്‍ട്രല്‍ മസ്ജിദിന്റെ ഉദ്ഘാടനമാണ് ഉര്‍ദുഗാന്‍ നിര്‍വ്വഹിച്ചത്. രണ്ട് ദിവസത്തെ നാറ്റോ നേതാക്കളുടെ ചര്‍ച്ചയില്‍ പങ്കെടുക്കാനായാണ് ഉര്‍ദുഗാന്‍ ബ്രിട്ടനിലെത്തിയത്. 2008ലാണ് പരിസ്ഥിതി സൗഹൃദ കേംബ്രിഡ്ജ് സെന്‍ട്രല്‍ മസ്ജിദിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. പ്രാദേശിക മുസ്‍ലിംകള്‍ക്ക് ആരാധനാ സൗകര്യങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ട സന്ദര്‍ഭത്തില്‍ കേംബ്രിഡ്ജ് മുസ്‍ലിം കോളജ് ഡീനായ ശൈഖ് അബ്ദല്‍ ഹക്കീം മുറാദാണ് പള്ളിക്ക് വേണ്ട സ്ഥലം കണ്ടെത്തുന്നതില്‍ നിര്‍ണായകമാവുന്നത്. പ്രാഥമിക ഘട്ടത്തില്‍ സ്ഥലം കണ്ടെത്തിയതോടെ 10000 ത്തിന് മുകളില്‍ ആളുകള്‍ പള്ളി നിര്‍മിക്കാനാവശ്യമായ പണം സംഭാവന നല്‍കുകയായിരുന്നു. ഖത്തറില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും വരെ പള്ളി നിര്‍മിക്കാനാവശ്യമായ സഹായധനം നിര്‍ലോഭം ലഭിച്ചു.
കേംബ്രിഡ്ജ് മുസ്‍ലിം കോളജ് ഡീനായ അബ്ദല്‍ ഹക്കീം മുറാദും ഗായകന്‍ യുസുഫ് ഇസ്‍ലാമും ഒരുമിച്ചാണ് പള്ളി നിര്‍മിക്കാനാവശ്യമായ സഹായങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്. ഇസ്‍ലാമിക സൗന്ദര്യശാസ്ത്രവും കലാവൈഭവവും പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതവും പരിസ്ഥിതി സംരക്ഷണവുമാണ് പള്ളി നിര്‍മിക്കുന്നതിനുള്ള പ്രചോദനം. പരമ്പരാഗത ഇസ്‍ലാമിക രീതിയില്‍ നിര്‍മിച്ച പള്ളി പൂന്തോട്ടത്തില്‍ ഒരേ സമയം 1000ത്തോളം പേര്‍ക്ക് ഒരുമിച്ച് നമസ്കരിക്കാനാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പരിസ്ഥിതി സൗഹ്യദ രീതിയില്‍ നിര്‍മിക്കുക എന്നതിനാണ് പള്ളി നിര്‍മാണത്തില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. പ്രകൃതിയില്‍ നിന്നുമുള്ള മരം, മാര്‍ബിള്‍ എന്നിവര്‍ക്ക് പുറമെ ഒരു തരത്തിലുമുള്ള കാര്‍ബണ്‍ വസ്തുക്കളും നിര്‍മാണത്തിന് ഉപയോഗിച്ചില്ല എന്നത് ഈ പള്ളിയുടെ മാത്രം പ്രത്യേകതയാണ്.
മഴവെള്ള ശേഖരണവും പള്ളി ശുചീകരണവും
പള്ളിക്ക് മുകളില്‍ പെയ്യുന്ന മഴവെള്ളം വഴിതിരിച്ച് പള്ളിക്കകത്തെ പൂന്തോട്ടത്തിലെ ചെടികള്‍ക്ക് ലഭിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിന് പുറമെ ഇതേ മഴവെള്ളം പള്ളിയുടെ സിങ്ക് വൃത്തിയാക്കാനും ഉപയോഗിക്കുന്നു.
സുര്യപ്രകാശത്തില്‍ നിന്നുള്ള സോളാര്‍ വൈദ്യുതി ഊര്‍ജം
പള്ളിക്ക് മുകളില്‍ സജ്ജീകരിച്ച സോളാര്‍ പാനലുകളില്‍ നിന്നുമുള്ള 30 ശതമാനം ഊര്‍ജം ശൈത്യക്കാലത്തും 40 ശതമാനം ഉഷ്ണക്കാലത്തും ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ചൂട് വായു ജലം ശുദ്ധീകരിക്കുന്നു
റൂഫിന് മുകളില്‍ നിന്നുള്ള ചൂട് വായു പള്ളിയിലെ വലിയ ടാങ്കുകളിലെ ജലം ചൂടാക്കാന്‍ ഉപയോഗിക്കുന്നു. ഈ ചൂടേറിയ ജലമാണ് കാര്‍പ്പറ്റിന് താഴെയുള്ള നിലം ചൂട് പിടിപ്പിക്കാനും അംഗശുദ്ധി വരുത്തുന്നതിനുള്ള ഹൌളിലെ ജലം ശുദ്ധീകരിക്കാനും ഉപയോഗിക്കുന്നത്.
വിശ്വാസികള്‍ക്കെല്ലാവര്‍ക്കും ശുദ്ധ വായു
പള്ളിക്ക് മുകളില്‍ നിന്നുള്ള കമ്പാര്‍ട്ട്മെന്റുകളിലൂടെ ചൂടേറിയ വായു പുറത്തേക്ക് പോകാനും ചുമരിനോട് ചേര്‍ന്ന ചെറിയ സുഷിരങ്ങളിലൂടെ ശുദ്ധ വായു അകത്തേക്ക് പ്രവേശിക്കാനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നു. പള്ളിക്കകത്ത് ചുമരിനോട് ചേര്‍ന്നുള്ള ജനവാതിലുകള്‍ ചുരുക്കിയതിലൂടെ വിശ്വാസികളുടെ പൂര്‍ണ ശ്രദ്ധ പ്രാര്‍ത്ഥനകളിലേക്കാകുമെന്ന് പള്ളി ഇമാം അലി ടോസ് പറയുന്നു.
ജനവാതിലുകള്‍ കുറഞ്ഞതിനുള്ള പ്രായോഗിക നടപടിയായി സീലിങില്‍ ചെറിയ ജനല്‍ നിര്‍മിച്ചെടുത്തിരിക്കുന്നു. ഇതിലൂടെ ശുദ്ധമായ വായുവും പ്രകാശവും പള്ളിക്കകത്തേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നു.
അമുസ്‍ലിംകള്‍ക്കും പ്രവേശനം
നിരവധി അമുസ്‍ലിം സുഹൃത്തുക്കളാണ് പള്ളിക്കകത്തേക്ക് പ്രവേശിക്കാന്‍ താത്പര്യവുമായി രംഗത്തുവന്നിട്ടുള്ളത്. തങ്ങളുടെ സന്ദര്‍ശക ലിസ്റ്റ് മുഴുവനായതായും 2000ത്തോളം പേര്‍ വെയ്റ്റിംഗ് ലിസ്റ്റിലാണ് എന്നും പള്ളി ഇമാം അലി ‘ഡയലി സബാഹി’-നോട് പറഞ്ഞു.
എല്ലാ ദിവസം രാവിലെ അമുസ്‍ലിംകളായ നിരവധി സുഹൃത്തുക്കള്‍ പള്ളിയിലേക്ക് സന്ദര്‍ശനാവശ്യവുമായും ഇസ്‍ലാമിനെ പഠിക്കാനായും വരുന്നതായും അലി പറഞ്ഞു.
ഇത്തരത്തിലുള്ള അമുസ്‍ലിംകള്‍ സുഹൃത്തുക്കളുടെ സന്ദര്‍ശനത്തിലൂടെ ഇസ്‍ലാമിനെക്കുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റാനും ഇസ്‍ലാമിക വിശ്വാസത്തെയും സൗന്ദര്യശാസ്ത്രത്തെയും മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്ന് അലി പറയുന്നു. മുസ്‍ലിംകളേക്കാളും അമുസ്‍ലിം സന്ദര്‍ശകരും സുഹൃത്തുക്കളും അയല്‍വാസികളുമാണ് ഇപ്പോള്‍ പള്ളിയില്‍ വരുന്നതെന്നും ഡയലി സബാഹ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ബോസ്നിയയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള രണ്ട് ഇമാമുകളാണ് പള്ളിയില്‍ സേവനമനുഷ്ഠിക്കുന്നത്.