പൌരത്വ നിയമ ഭേദഗതിക്കെതിരെ ഇംഗ്ലണ്ടിലും കാലിഫോര്‍ണിയയിലും പ്രതിഷേധം
ഇന്ത്യന്‍ പതാകയേന്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്രവാസികള്‍ പ്രതിഷേധിച്ചു
പൌരത്വ നിയമ ഭേദഗതിക്കെതിരെ ലോകത്തിന്റെ വിവിധ കോണുകളില്‍ പ്രതിഷേധം തുടരുന്നു. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലും അമേരിക്കന്‍ നഗരമായ കാലിഫോര്‍ണിയയിലും പ്രതിഷേധങ്ങളുണ്ടായി. ഇന്ത്യന്‍ പതാകയേന്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്രവാസികള്‍ പ്രതിഷേധിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇംഗ്ലണ്ടില്‍ പ്രവാസികള്‍ സംഘടിപ്പിച്ച പ്രതിഷേധം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡിസംബർ 29 ന് നോട്ടിങ് ഹാമിലെ ബ്രിയൻ ക്ലൂ സ്റ്റാച്യു വേദിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികൾ ഉൾപ്പെടെ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. പൌരത്വ നിയമഭേദഗതിക്കും പൌരത്വ പട്ടികയ്ക്കും എതിരെ മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലക്കാര്‍ഡുകളുയര്‍ത്തിയുമാണ് പ്രതിഷേധമുയര്‍ത്തിയത്.
'നാനാത്വത്തിൽ ഏകത്വം ' എന്ന ആശയം മുൻ നിർത്തി കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകമായിരുന്നു പ്രതിഷേധത്തിലെ മറ്റൊരു പ്രധാന പരിപാടി, കൂടാതെ പൌരത്വ നിയമ ഭേദഗതിയ്ക്കും എന്‍.ആര്‍.സിയ്ക്കും എതിരായ ലഘു ലേഖകളും പ്രതിഷേധക്കാര്‍ വിതരണം ചെയ്തു.
പ്രതിഷേധങ്ങൾക്കിടെ ചിലര്‍ പരിപാടി അലങ്കോലപ്പെടുത്തുവാനും സംഘർഷം സൃഷ്ടിക്കുവാനും ശ്രമിച്ചുവെങ്കിലും പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി. കാലിഫോര്‍ണിയയിലെ സക്രാന്റോയിലും ഇന്നലെ പ്രതിഷേധമുണ്ടായി. ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രവാസികള്‍ പ്രതിഷേധിച്ചത്. ഇന്ത്യക്കാരെ കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു.