പ്രതികാരത്തിനായി കാത്തിരിക്കുക: അമേരിക്കയോട് ഇറാൻ
പശ്ചിമേഷ്യൻ മേഖലയിൽ തങ്ങളുടെ പരാജയത്തിലുള്ള നിരാശയും ദൗർബല്യവും മറച്ചുവെക്കാനുള്ള നീക്കമാണ് അമേരിക്കയുടേതെന്ന് ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൂഹാനി
തെഹ്‌റാൻ: ബഗ്ദാദ് വിമാനത്താവളത്തിൽ വ്യോമാക്രമണം നടത്തി ഇറാൻ റെവല്യൂഷണറി ഗാർഡ് ഖുദ്‌സ് സൈനിക കമാന്റർ മേജർ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കക്കെതിരെ താക്കീതുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. സുലൈമാനിയുടെ മരണംകൊണ്ട് അദ്ദേഹത്തിന്റെ ദൗത്യം അവസാനിക്കുന്നില്ലെന്നും ഇറാൻ സൈന്യത്തിന്റെ ആത്മവീര്യം ഇരട്ടിക്കുകയാണ് ചെയ്തതെന്നും ഖാംനഈ പറഞ്ഞു.
'ഭൂമിയിലെ ഏറ്റവും ക്രൂരരായ മനുഷ്യരാണ് ബഹുമാന്യനായ മേജർ ജനറൽ സുലൈമാനിയെ കൊലപ്പെടുത്തിയത്. ലോകത്തെ കൊള്ളയടിക്കുന്നവർക്കും പിശാചുക്കൾക്കുമെതിരെ വർഷങ്ങളോളം പോരാടിയ ധീരനായിരുന്നു അദ്ദേഹം. ജനറൽ സുലൈമാനി അടക്കമുള്ളവരുടെ രക്തം ചിന്തിയ ക്രിമിനലുകൾ രൂക്ഷമായ പ്രതികാരത്തിനായി കാത്തിരുന്നു കൊള്ളുക. അദ്ദേഹം ചെറുത്തുനിൽപിന്റെ അന്താരാഷ്ട്ര മുഖമായിരുന്നു. പ്രതിരോധത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇപ്പോൾ അദ്ദേഹത്തിനു വേണ്ടി പകരം ചോദിക്കുന്നവരായിരിക്കുന്നു.'ആയത്തുല്ല അലി ഖാംനഈ
'നിസ്വാർത്ഥനും പ്രിയപ്പെട്ടവനുമായ' സുലൈമാനിയുടെ മരണം വേദനയുണ്ടാക്കുന്നതാണെങ്കിലും കൊലപാതകികളുടെയും അക്രമികളുടെയും ജീവിതം ഇനി കൂടുതൽ വേദനാപൂർണമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ മേഖലയിൽ തങ്ങളുടെ പരാജയത്തിലുള്ള നിരാശയും ദൗർബല്യവും മറച്ചുവെക്കാനുള്ള നീക്കമാണ് അമേരിക്കയുടേതെന്ന് ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൂഹാനി പറഞ്ഞു. 'കൊലപാതകം ഇറാന്റെയും ഇസ്ലാമിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി അമേരിക്കക്കെതിരെ നിലകൊള്ളുന്ന മറ്റു രാജ്യങ്ങളുടെയും ആത്മവീര്യം ഇരട്ടിയാക്കുകയാണ് ചെയ്തത്.' - റൂഹാനി പറഞ്ഞു.
കൊലപാതകികൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ വിദേശമന്ത്രി ബ്രിഗേഡിയർ ജനറൽ ആമിർ ഹത്താമി പറഞ്ഞു.