ഇറാനില്‍ ചുവന്ന പതാക ഉയര്‍ന്നു; വരാനിരിക്കുന്നത് വലിയ യുദ്ധമെന്ന് സൂചന
ചുവന്ന കൊടി ഉയര്‍ത്തിയത് പരമ്പരാഗത രീതിയിലുള്ള വലിയ യുദ്ധസൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിന് പിന്നാലെ കനത്ത തിരിച്ചടി നല്‍കുമെന്ന ഇറാന്റെ മുന്നറിയിപ്പ് ശരിവെച്ച് ഇറാനിയൻ പുണ്യനഗരമായ ഖുമ്മിലെ ജംകര്‍ആന്‍ പള്ളിക്ക് മുകളിൽ ചുവന്ന പതാക ഉയര്‍ന്നു.
സുലൈമാനിയുടെ അന്ത്യയാത്രക്കിടെയാണ് ഈ അത്യപൂര്‍വ കാഴ്ച. ചുവന്ന കൊടി ഉയര്‍ത്തിയത് പരമ്പരാഗത രീതിയിലുള്ള വലിയ യുദ്ധസൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പതാക ഉയര്‍ത്തുന്ന ചടങ്ങ് ഇറാനിയൻ ദേശീയ ടെലിവിഷന്‍ ചാനല്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ശിയാ മുസ്‌ലിംകളുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പള്ളിയാണിത്. കൊല്ലപ്പെട്ട കമാൻഡറുടെ ചിത്രവും ചുവന്ന പതാകയും സേന മുകളില്‍ എത്തിച്ച ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍.
ഇമാം ഹുസൈൻ ഇബ്നു അലിയുടെ മരണവുമായി ബന്ധപ്പെട്ട കർബല യുദ്ധത്തിനു ശേഷം ഇത് ആദ്യമായാണ് ഈ രക്ത പതാക ഉയരുന്നത്. മധ്യകാലഘട്ടത്തിന്റെ ആരംഭം മുതല്‍ ഇന്നുവരെ പുണ്യസ്ഥലമായ ജംകര്‍ആനിൽ ചുവന്ന പതാക ഉയർത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിക്ക് ബഹുമാനാർഥം രാജ്യത്തുടനീളം നടന്ന മറ്റ് പരിപാടികളിലും ചുവന്ന പതാകകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും അമേരിക്കന്‍ പതാകകള്‍ നശിപ്പിക്കപ്പെട്ടു. ചിലർ ഇസ്രയേലി പതാകകൾക്ക് തീകൊളുത്തി. അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നവർ അമേരിക്കൻ പതാകകൾ കത്തിക്കുന്നുണ്ട്.