മിസൈല്‍ ആക്രമണം: ഇനി ആവര്‍ത്തിക്കരുത്... ഇറാനെതിരെ ബ്രിട്ടന്‍

ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ യു.എസ് ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതാണ് ഇറാനുമായുള്ള സംഘർഷം രൂക്ഷമാക്കിയത്. 

Update: 2020-01-08 07:43 GMT

ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ രൂക്ഷഭാഷയില്‍ അപലപിച്ച് ബ്രിട്ടന്‍. ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് ഇറാനെതിരെ രംഗത്തുവന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള സഖ്യസേനയുടെ ഇറാഖിലെ വ്യോമ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ ബാലസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതെന്നും ഇതിനെ അപലപിക്കുന്നതായും ഡൊമിനിക് റാബ് പറഞ്ഞു.

മിസൈല്‍ ആക്രമണത്തിലുണ്ടായ ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ കടുത്ത ആശങ്കയുണ്ടെന്നും ഇത്തരം അശ്രദ്ധവും അപകടകരവുമായ ആക്രമണങ്ങൾ ഇനി ആവർത്തിക്കരുതെന്നും ഇറാനോട് ഡൊമിനിക് റാബ് ആവശ്യപ്പെട്ടു. ബാഗ്ദാദിലെ മിസൈല്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് സേനയിലെ ആര്‍ക്കും ആളപായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധം തീവ്രവാദ ഗ്രൂപ്പുകൾക്ക് മാത്രമേ ഗുണം ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ യു.എസ് ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതാണ് ഇറാനുമായുള്ള സംഘർഷം രൂക്ഷമാക്കിയത്. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്യമായി പോര്‍വിളികളും നടത്തി. യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും താൽപ്പര്യങ്ങള്‍ക്ക് നേരെയും ആക്രമണം നടത്താനുള്ള പദ്ധതികളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുലൈമാനിയെ ആത്മരക്ഷയ്ക്കായി വധിച്ചതെന്നാണ് വാഷിംഗ്ടൺ ന്യായീകരിച്ചത്. ഇതിന് പിന്നാലെ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ 15 മിസൈല്‍ ആക്രമണങ്ങളാണ് നടത്തിയത്. ഇതോടെ പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് അമേരിക്ക തിരിച്ചടി നല്‍കുമോയെന്ന് ലോകം ഭീതിയോടെ ഉറ്റുനോക്കുകയാണ്.

Tags:    

Similar News