ഇറാനുമായി യുദ്ധത്തിനില്ലെന്ന് വീണ്ടും അമേരിക്ക
ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ യു.എസ് ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതാണ് ഇറാനുമായുള്ള സംഘർഷം രൂക്ഷമാക്കിയത്.
ഇറാനുമായുള്ള സംഘര്‍ഷം വർധിപ്പിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ. എന്നാൽ ആരംഭിക്കാന്‍ സാധ്യതയുള്ള ഏത് യുദ്ധവും അവസാനിപ്പിക്കാൻ രാജ്യം തയ്യാറാണെന്നും എസ്‍പര്‍ കൂട്ടിച്ചേര്‍ത്തു. “ഇറാനുമായി യുദ്ധം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. തുടങ്ങാന്‍ സാധ്യതയുള്ള ഏതു യുദ്ധവും അവസാനിപ്പിക്കാന്‍ ഞങ്ങൾ തയ്യാറാണ്. സംഘര്‍ഷാവസ്ഥ കുറഞ്ഞു കാണാനാണ് ആഗ്രഹിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ യു.എസ് ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതാണ് ഇറാനുമായുള്ള സംഘർഷം രൂക്ഷമാക്കിയത്. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്യമായി പോര്‍വിളികളും നടത്തി. യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും താൽപ്പര്യങ്ങള്‍ക്ക് നേരെയും ആക്രമണം നടത്താനുള്ള പദ്ധതികളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുലൈമാനിയെ ആത്മരക്ഷയ്ക്കായി വധിച്ചതെന്നാണ് വാഷിംഗ്ടൺ ന്യായീകരിച്ചത്. ഇതിന് പിന്നാലെ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ 15 മിസൈല്‍ ആക്രമണങ്ങളാണ് നടത്തിയത്. ഇതോടെ പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് അമേരിക്ക തിരിച്ചടി നല്‍കുമോയെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെയാണ് എസ്‍പറിന്റെ പ്രസ്താവന. തങ്ങള്‍ സായുധ സംഘട്ടന നിയമം ലംഘിച്ചിട്ടില്ലെന്നും എസ്പര്‍ വാദിച്ചു.