അമേരിക്കന്‍ താവളങ്ങളില്‍ ഇറാന്റെ ആക്രമണം; ട്രംപിന്റെ പ്രതികരണം ഇങ്ങനെ...
ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമാണ് ആക്രമണമെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു.
ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ട്രംപ് പറഞ്ഞു. എല്ലാം നല്ലതാണ് എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. ബുധനാഴ്ച രാവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രസ്താവന നടത്തുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമാണ് ആക്രമണമെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു. ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനികാസ്ഥാനങ്ങളാണ് ഇറാന്‍ ലക്ഷ്യം വെച്ചത്. സ്ഥിതിഗതികളും, ഇറാന്‍ ആക്രമണം തീര്‍ത്ത നാശനഷ്ടങ്ങളുടെ വ്യാപ്തിയും നിരീക്ഷിച്ചു വരികയാണെന്ന് പെന്റഗണ്‍ അറിയിച്ചു.
''എല്ലാം നല്ലത് ! ഇറാഖിലെ രണ്ട് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ തൊടുത്തിരിക്കുന്നു. ആളപായവും നാശനഷ്ടങ്ങളും വിലയിരുത്തി വരികയാണ്. ഇതുവരെ കുഴപ്പമൊന്നുമില്ല. ലോകത്ത് ഏറ്റവും ശക്തവും ആയുധ പിന്‍ബലവുമുള്ള സൈന്യമാണ് ഞങ്ങള്‍ക്കുള്ളത്. കൂടുതല്‍ വിവരങ്ങള്‍ നാളെ രാവിലെ പ്രസ്താവനയിലൂടെ നടത്താം.'' - ട്രംപ് ട്വീറ്റ് ചെയ്തു.