സംഘർഷം കുറക്കാൻ ഗൾഫുമായി സഹകരിക്കുമെന്ന് യു.എസ്; ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ല

ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്തില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക ഇറാനു മേൽ പുതിയ ഉപരോധ നടപടികളും പ്രഖ്യാപിച്ചു

Update: 2020-01-11 02:38 GMT

ഇറാനുമായുള്ള സംഘർഷം ലഘൂകരിക്കാൻ യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്ന് അമേരിക്ക. ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്തില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക ഇറാന് മേൽ പുതിയ ഉപരോധ നടപടികളും പ്രഖ്യാപിച്ചു. അതിനിടെ, അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ന് ഗൾഫിലെത്തും.

ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടത്തിയാകും മേഖലയിൽ രൂപപ്പെട്ട സംഘർഷം കുറച്ചു കൊണ്ടുവരികയെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. യു.എ.ഇ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും സംഘർഷം ലഘൂകരിക്കണം എന്ന ആവശ്യം മുന്നോട്ടു വെച്ചതായി യു.എസ് സ്റ്റേറ്റ് വകുപ്പ് അസി. സെക്രട്ടറി ഡേവിഡ് ഷെങ്കർ ദുബൈയിൽ വ്യക്തമാക്കി. യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശുമായും അദ്ദേഹം ചർച്ച നടത്തി. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം പ്രതിരോധിക്കാൻ സഖ്യരാജ്യങ്ങളുമായി ചേർന്ന് സുരക്ഷാ നടപടികൾ വർധിപ്പിക്കുമെന്നും ഡേവിഡ് ഷെൻകർ അറിയിച്ചു.

Advertising
Advertising

ഇറാഖിലെ തങ്ങളുടെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന്റെ പേരിൽ തെഹ്റാനെതിരെ പുതിയ ഉപരോധം അമേരിക്ക പ്രഖ്യാപിച്ചു. രാജ്യത്തെ എട്ട് ഉന്നത ഉദ്യോഗസ്ഥർക്കും ഉരുക്കു മേഖലയുമായി ബന്ധപ്പെട്ട കമ്പനികൾക്കും എതിരെയാണ് പുതിയ ഉപരോധം.

ഇറാഖിൽ നിന്ന് യു.എസ് സൈന്യം പിൻമാറണമെന്ന് പാർലമെന്റ് പ്രമേയം പാസാക്കിയെങ്കിലും ട്രംപ് ഭരണകൂടം അതു തള്ളി. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇറാഖിൽ യു.എസ് സൈന്യം പോരാട്ടം തുടരുമെന്നും നാറ്റോ സഖ്യകക്ഷികളുടെ സഹകരണം തേടുമെന്നും യു.എസ് സ്റ്റേറ്റ് വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിൽ രാഷ്ട്രീയ സൈനിക സംഘർഷം തുടരുന്നതിനാൽ യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ വളർച്ചാ തോത് കുറയുമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ് നൽകി.

Tags:    

Similar News