ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ വ്യോമാക്രമണം; എട്ട് റോക്കറ്റുകള്‍ പതിച്ചതായി റിപ്പോര്‍ട്ട്

ഗൾഫിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം തുടരുമെന്ന ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെ മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കി

Update: 2020-01-13 01:19 GMT

ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിൽ വീണ്ടും മിസൈലാക്രമണം. നാല് ഇറാഖി സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഗൾഫിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം തുടരുമെന്ന ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെ മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കി. ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭകർക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണ അറിയിച്ചു.

ബഗ്ദാദിന് വടക്കുള്ള അൽ ബലദ് വ്യോമകേന്ദ്രത്തിലാണ് ഞായറാഴ്ച രാത്രി എട്ടു റോക്കറ്റുകൾ പതിച്ചത്. കവാടത്തിൽ കാവൽ നിന്ന മൂന്ന് പേർക്കും ഒരു വ്യോമസേനാംഗത്തിനുമാണ് പരിക്കേറ്റത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എഫ്- 16 യുദ്ധവിമാനങ്ങളുടെ മുഖ്യകേന്ദ്രമായിരുന്ന അൽ ബലദിൽ നിന്ന് ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ഭൂരിഭാഗം സൈനികർക്കൊപ്പം വിമാനങ്ങളും മാറ്റിയിരുന്നു. യു.എസ് സൈനിക കേന്ദ്രങ്ങൾക്കെതിരായ ആക്രമണം ആരംഭിച്ചതേയുള്ളൂവെന്ന് ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല ഇന്നലെ പ്രഖ്യാപിച്ചത്. ഇതോടെ സൈനിക കേന്ദ്രങ്ങളുടെ സുരക്ഷ അമേരിക്കക്ക് വലിയ വെല്ലുവിളിയായി.

Advertising
Advertising

അതിനിടെ, ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് ട്രംപ് പൂർണ എക്യദാർഢ്യം പ്രകടിപ്പിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലെ ഭിന്നത രൂക്ഷമായി. ഇറാനിലെ പ്രക്ഷോഭകരെ കൊല്ലരുതെന്നും അമേരിക്ക എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നുമാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്. യുക്രെയ്ന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് ഇറാന്റെ കുറ്റസമ്മതം പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചത്. അതേസമയം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത അംബാസഡറുടെ നടപടിയിൽ പ്രതിഷേധിച്ച് തെഹ്റാനിലെ ബ്രിട്ടീഷ് എംബസിക്കു മുന്നിൽ വൻപ്രതിഷേധം അരേങ്ങറി. ഇറാനുമായുള്ള ഏറ്റുമുട്ടൽ മേഖലക്ക് ഗുണം ചെയ്യില്ലെന്ന് ബ്രിട്ടനു പുറമെ ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ അമേരിക്കയോട് വ്യക്തമാക്കി.

ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ചർച്ച മാത്രമാണ് പരിഹാരമെന്നാണ് ഇറാനിൽ പ്രസിഡന്റ് ഹസൻ റൂഹാനിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽതാനി വ്യക്തമാക്കിയത്. അേമരിക്കക്കും ഇറാനുമിടയിലെ സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിനു പുറമെ ഒമാനും കുവൈത്തും അനൗപചാരിക ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

Tags:    

Similar News