റോഹിങ്ക്യന്‍ ജനതയെ വംശഹത്യയില്‍ നിന്ന് സംരക്ഷിക്കണമെന്ന് അന്താരാഷ്ട്ര കോടതി വിധി

റോഹിങ്ക്യന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ മ്യാൻമറിനെതിരായ ആദ്യത്തെ അന്താരാഷ്ട്ര കോടതി വിധിയാണ് ഇന്ന് വന്നത്.

Update: 2020-01-23 11:13 GMT

മ്യാന്‍മറിലെ റോഹിങ്ക്യന്‍ ജനതയെ വംശഹത്യയില്‍ നിന്ന് സംരക്ഷിക്കണമെന്ന് അന്താരാഷ്ട്ര കോടതി വിധി. മ്യാൻമറിലെ ന്യൂനപക്ഷ മുസ്‌ലിം വിഭാഗമായ റോഹിങ്ക്യൻ ജനതയെ വംശഹത്യയിൽ നിന്ന് സംരക്ഷിക്കുന്നതിനായി അടിയന്തര നടപടികൾ നടപ്പാക്കണമെന്ന ഗാംബിയയുടെ അഭ്യർഥന മാനിച്ചാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പ്രഖ്യാപനം ആരംഭിച്ചത്.

1948 ലെ വംശഹത്യ കണ്‍വെന്‍ഷന്‍ മ്യാന്‍മാര്‍ ലംഘിച്ചതായാണ് മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഗാംബിയ ആരോപിക്കുന്നുണ്ട്. 2017 ആഗസ്റ്റിൽ 7,50,000ത്തോളം പേർ മ്യാൻമറിലെ റാഖൈൻ പ്രവിശ്യയില്‍ നിന്നും പലായനം ചെയ്തിരുന്നു. റോഹിങ്ക്യകളില്‍ ഭൂരിഭാഗവും റാഖൈനിലാണ് താമസിച്ചിരുന്നത്. എന്നാൽ തലമുറകളായി മ്യാൻമറിൽ താമസിച്ചിട്ടും അവരെ പൗരന്മാരായി അംഗീകരിക്കാനോ സെൻസസിൽ എണ്ണമെടുക്കാനോ മ്യാന്‍മാര്‍ തയ്യാറല്ല. 2017 ആഗസ്റ്റ് 25 ലെ ഒരു ആക്രമണ സംഭവവുമായി ബന്ധപ്പെട്ടാണ് വംശഹത്യ ആരംഭിച്ചത്. സൈന്യവും പൊലീസും ചേര്‍ന്ന് റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ ചുട്ടു ചാമ്പലാക്കി. ആയിരക്കണക്കിന് റോഹിങ്ക്യകള്‍ കൊല ചെയ്യപ്പെടുകയും ഒട്ടേറെ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുകയും ചെയ്തു.

Advertising
Advertising

ഏഴു ലക്ഷത്തിലേറെ റോഹിങ്ക്യകള്‍ ഇതേത്തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധതിരായി. റോഹിങ്ക്യകള്‍ക്കെതിരെ സൈന്യമോ മറ്റു സംഘങ്ങളോ നടത്തുന്ന വംശഹത്യ തടയാന്‍ മ്യാന്‍മര്‍ അധികാരത്തിനുള്ളില്‍ നിന്ന് എല്ലാ നടപടികളും കൈക്കൊള്ളണമെന്നാണ് കോടതി നിര്‍ദേശിച്ചത്. നടപടികള്‍ മ്യാൻമര്‍ കോടതിയുടെ മേൽനോട്ടത്തില്‍ വേണം. വംശഹത്യ തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് ട്രിബ്യൂണലിന് സമർപ്പിക്കണമെന്നും അന്താരാഷ്ട്ര കോടതി ഉത്തരവിട്ടു. റോഹിങ്ക്യന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ മ്യാൻമറിനെതിരായ ആദ്യത്തെ അന്താരാഷ്ട്ര കോടതി വിധിയാണ് ഇന്ന് വന്നത്. അന്താരാഷ്ട്ര കോടതിക്ക് 'എൻഫോഴ്‌സ്‌മെന്റ്' അധികാരമില്ലെങ്കിലും, ഐക്യരാഷ്ട്രസഭയിലെ ഏതൊരു അംഗത്തിനും ഈ വിധിയുടെ അടിസ്ഥാനത്തിൽ സുരക്ഷാ കൗൺസിലിൽ നിന്ന് നടപടി അഭ്യർത്ഥിക്കാനാകും.

Tags:    

Similar News