ബ്രിട്ടന്‍ യൂറോപ് വിടുമ്പോള്‍...
ബ്രെക്സിറ്റ് ബ്രിട്ടന് ഗുണമാകുമോ ദോഷമാകുമോ എന്ന് കാലം തെളിയിക്കും.
നാലു വര്‍ഷത്തോളം നീണ്ട നിരവധി നാടകീയതകള്‍ക്കൊടുവിലാണ് ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകുന്നത്. നാലു വര്‍ഷത്തിനിടെ ബ്രിട്ടനില്‍ മൂന്ന് പൊതു തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വന്നു. രണ്ട് പ്രധാനമന്ത്രിമാര്‍ രാജിവെച്ചു.
ഒടുവില്‍ ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകുമ്പോഴും ബ്രിട്ടന്‍ ഇനി എന്തു നേടും എന്ന ചോദ്യം ബാക്കിയാണ്. യൂറോപ്പിലെങ്ങും സങ്കുചിത ദേശീയത ഉദയം ചെയ്ത കാലത്താണ് ബ്രെക്സിറ്റെന്ന ആശയത്തിന്റെ തുടക്കം.
പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൺ 2015ൽ വീണ്ടും തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ വോട്ടു കൂടുതല്‍ ലഭിക്കാനായി വലിയ വാഗ്ദാനം മുന്നോട്ടുവച്ചു. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമോയെന്ന വിഷയത്തിൽ ഹിതപരിശോധന നടത്താമെന്നായിരുന്നു വാഗ്ദാനം.
തെരഞ്ഞെടുപ്പില്‍ ഡേവിഡ് കാമറണ്‍ വിജയിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ഹിതപരിശോധന പ്രഖ്യാപിച്ചു. ഭൂരിഭാഗം ജനങ്ങളും ബ്രെക്സിറ്റ് തള്ളുമെന്നായിരുന്നു കാമറണ്‍ വിചാരിച്ചത്. പക്ഷേ 2016 ജൂണ്‍ 23 ന് നടന്ന ഹിതപരിശോധനയില്‍ 52 ശതമാനവും ബ്രെക്സിറ്റിന് അനുകൂലമായി വിധിയെഴുതി. ബ്രെക്സിറ്റിന് എതിരെ നിലപാടെടുത്തിരുന്ന കാമറണ്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി സ്ഥാനും രാജിവച്ചു.
കാമറണ്‍ മന്ത്രിസഭയിലെ അംഗമായിരുന്ന തെരേസാ മേക്കായിരുന്നു പ്രധാനമന്ത്രി പദത്തില്‍ പിന്നീടുള്ള ഊഴം. കൂടുതൽ വ്യക്തമായ ഭൂരിപക്ഷം കൊതിച്ച് സമയം തികയും മുൻപേ മേ അതിമോഹം കാട്ടി. പാർലമെന്റ് പിരിച്ചുവിട്ട തെരേസാ മേ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. പക്ഷേ തെരേസാ മേക്ക് ഭൂരിപക്ഷം കുറയുകണ് ചെയതത്.
2019 മാർച്ച് 29നായിരുന്നു ബ്രെക്സിറ്റ് നടപ്പാക്കേണ്ടിയിരുന്ന ആദ്യ തിയ്യതി. പക്ഷേ തെരേസാ മേ മന്ത്രിസഭയിലെ മുതര്‍ന്നവര്‍ പോലും ബ്രെക്സിറ്റിന്റെ പേരില്‍ രാജിവച്ചു പുറത്തുപോയി. ബ്രെക്സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാകേണ്ട കരാറിനെ ചൊല്ലി പാര്‍ലമെന്റില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ നടന്നു. തെരേസാ മേ അവതരിപ്പിച്ച ഒരു കരാറും പാസായില്ല.
തെരേസാ മേ യൂറോപ്യന്‍ യൂണിയനോട് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാന്‍ ഇ.യു ഒക്ടോബര്‍ 31 വരെ ബ്രിട്ടനു സമയം നീട്ടിനല്‍കി. ബ്രെക്സിറ്റ് നടപ്പാക്കുക എന്ന ജനഹിതം നടപ്പാക്കാന്‍ കഴിയാത്തതില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് തെരേസാ മേയും പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.
ബോറിസ് ജോണ്‍സനെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അടുത്ത പ്രധാനന്ത്രിയായി നിയോഗിച്ചത്. ബ്രെക്സിറ്റ് നടപ്പിലാക്കാതിരിക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ ബോറിസ് ജോണ്‍സനു പക്ഷേ ആദ്യ ഘട്ടത്തിലൊന്നും അത് നടപ്പാക്കാന്‍ കഴിഞ്ഞില്ല. പാര്‍ലമന്റില്‍ ഭൂരിപക്ഷമില്ലാത്തതായിരുന്നു കാരണം.
2019 ഒക്ടോബറില്‍ ബോറിസ് ജോണ്‍സന്റെ അപേക്ഷ പരിഗണിച്ച് ബ്രെക്സിറ്റ് സമയം ഇ.യു വീണ്ടും നീട്ടിനല്‍കി. 2020 ജനുവരി 31 വരെ. പാര്‍ലമെന്റ് പിരിച്ചുവിട്ട ബോറിസ് ജോണ്‍സണ്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു.
2019 ഡിസംബര്‍ 12ന് ബ്രിട്ടനില്‍ നാലു വര്‍ഷത്തിനിടയിലെ മൂന്നാം പൊതു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന് അപ്രതീക്ഷിത വിജയം. തുടര്‍ന്നാണ് പുതിയ ബ്രെക്സിറ്റ് ബില്‍ ജോണ്‍സണ്‍ തയ്യാറാക്കുന്നത്. ഇതോടെ ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകുകയാണ്. ബ്രെക്സിറ്റ് ബ്രിട്ടന് ഗുണമാകുമോ ദോഷമാകുമോ എന്ന് കാലം തെളിയിക്കും.