‘ഗുഡ് ബെെ യൂറോപ്’: ബ്രെക്സിറ്റ് ഇന്ന് നടപ്പിലാവും
47 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടന്‍ ഇ.യുവിന്റെ പുറത്തു കടക്കും.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോരുന്ന ബ്രെക്സിറ്റ് ഇന്ന് യാഥാര്‍ഥ്യമാകും. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ പരിസമാപ്തിയാകുക.
യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുള്ള വ്യാപാര നയങ്ങളും കസ്റ്റംസ് നിയമങ്ങളും എങ്ങനെയാവണം എന്ന കാര്യത്തില്‍ അടുത്ത മാസങ്ങളില്‍ ചര്‍ച്ച തുടരും. ബ്രിട്ടീഷ് സമയം ഇന്ന് രാത്രി 11-ന് ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകും. 47 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടന്‍ ഇ.യുവിന്റെ പുറത്തു കടക്കും.
ബ്രിട്ടന്റെ ഇരു പാർലമെന്റ് ഹൗസുകളും പാസാക്കിയ ബ്രെക്സിറ്റ് ബില്ലില്‍ കഴിഞ്ഞയാഴ്ചം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവെച്ചിരുന്നു. അതിനു ശേഷം യൂറോപ്യന്‍ പാര്‍ലമെന്റും ബില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
ഇന്ന് ബ്രെക്സിറ്റ് നടപ്പിലാകുന്നതോടെ യൂറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയ തീരുമാനങ്ങളില്‍ ഇനി ബ്രിട്ടന് പങ്കാളിത്തമുണ്ടാകില്ല. യൂറോപ്യന്‍ പാര്‍ലമെന്റില്‍ ബ്രിട്ടീഷ് പ്രതിനിധികളും ഉണ്ടാവില്ല. എന്നാല്‍ വ്യാപാര, കസ്റ്റംസ് ബന്ധങ്ങള്‍ തത്കാലം പഴയപോലെ തുടരും. അതു കൊണ്ടു തന്നെ ബ്രിട്ടനിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ബാക്കിയുള്ള 27 രാജ്യങ്ങളിലുമുള്ള ജനങ്ങള്‍ക്ക് മാറ്റം പെട്ടെന്ന് അനുഭവപ്പെടില്ല.
2020 ഡിസംബര്‍ 31 വരെ ട്രാന്‍സിഷന്‍ പിരിയഡാണ്. ബ്രെക്സിറ്റിനു ശേഷം വ്യാപാര, കസ്റ്റംസ് നയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എങ്ങനെയാവണം എന്ന് ധാരണയിലെത്താനുള്ള കാലമാണിത്. ബ്രിട്ടനും ഇ.യുവും തമ്മില്‍ ഇനിയുള്ള മാസങ്ങളില്‍ ദീര്‍ഘമായ ചര്‍ച്ചകളും വിലപേശലും നടക്കും.