സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ പ്രമേയം പാസാക്കി അമേരിക്കയിലെ സിയാറ്റിൽ സിറ്റി കൗൺസിൽ

ഇതാദ്യമായാണ് അമേരിക്കയിലെ ഒരു ഭരണസ്ഥാപനം സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ ഔദ്യോഗികമായി നിലപാടെടുക്കുന്നത്.

Update: 2020-02-04 08:13 GMT

ഇന്ത്യയിലെ ദേശീയ പൗരത്വ നിയമത്തിനും (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്ററിനും (എൻ.ആർ.സി) എതിരെ പ്രമേയം പാസാക്കി അമേരിക്കയിലെ സിയാറ്റിൽ സിറ്റി കൗൺസിൽ. ഇതാദ്യമായാണ് അമേരിക്കയിലെ ഒരു ഭരണസ്ഥാപനം സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ ഔദ്യോഗികമായി നിലപാടെടുക്കുന്നത്.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ ഇന്ത്യൻ പാർലമെന്റ് തയ്യാറാവണമെന്നും വിവേചനപരമായ നയങ്ങൾക്കെതിരെ യു.എസ് കോൺഗ്രസ് നിലപാടെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സിറ്റി കൗൺസിൽ അംഗം ക്ഷമ സാവന്ത് ആണ് തിങ്കാള്ച പ്രമേയം അവതരിപ്പിച്ചത്. സിയാറ്റിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്ന നഗരമാണെന്നും ജാതി-മത പരിഗണനകൾക്കതീതമായി സിറ്റി കൗൺസിൽ സിയാറ്റിലിലെ ദക്ഷിണേഷ്യൻ സമൂഹത്തോടൊപ്പം നിലകൊള്ളുന്നതായും അവർ പറഞ്ഞു. പ്രമേയത്തെ പിന്തുണച്ചും വോട്ടെടുപ്പ് നേരിൽകാണാനും നൂറുകണക്കിനാളുകൾ എത്തിയിരുന്നു.

Advertising
Advertising

സിറ്റി കൗൺസിൽ പ്രമേയത്തെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ (ഐ.എ.എം.സി), ഇക്വിറ്റി ലാബ്‌സ്, കൗൺസിൽ ഓഫ് അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് (കൈർ), ഖർസ ഗുർമത്ത് സെന്റർ, നിരവധി സിഖ് സംഘടനകൾ എന്നിവർ സ്വാഗതം ചെയ്തു.ഭിന്നിപ്പിക്കുന്നതും ക്രൂരവുമായ സി.എ.എയെയും എൻ.ആർ.സിയെയും അപലപിക്കുന്ന സിയാറ്റിൽ സിറ്റി കൗൺസിലിന്റെ പ്രമേയത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ നിയമങ്ങൾ ഭരണഘടനാവിരുദ്ധവും ഒരു ഫാസിസ്റ്റ് രാഷ്ട്രം സൃഷ്ടിക്കുന്നതിനായി ദശലക്ഷക്കണക്കിന് മുസ്ലിംകളെയും ദലിതുകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും വിലക്കേർപ്പെടുത്തുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്തതാണ്.
ജാവേദ് സിക്കന്തർ, ഐ.എ.എം.സി സിയാറ്റിൽ ചാപ്റ്റർ വക്താവ്.

ആഗോളതലത്തിൽ സി.എ.എക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ മുന്നിൽനിന്ന് നയിക്കുകയാണ് സിയാറ്റിൽ ചെയ്യുന്നതെന്നും വംശഹത്യക്കുള്ള നീക്കങ്ങൾ ആരംഭിക്കുമ്പോൾ തന്നെ പ്രതികരിക്കാനുള്ള ബാധ്യത അന്താരാഷ്ട്ര സമൂഹത്തിനുണ്ടെന്നും ഇക്വാലിറ്റി ലാബ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ തേൻമൊഴി സൗന്ദരാജൻ പറഞ്ഞു.

ജനുവരി 26-ന് സി.എ.എക്കെതിരെ 400 പേരടങ്ങുന്ന മാർച്ച് സിയാറ്റിലിൽ നടന്നിരുന്നു. ആംനസ്റ്റി ഇന്റർനാഷണൽ, ഇക്വാലിറ്റി ലാബ്‌സ്, അംബേദ്കർ കിംഗ് സ്റ്റഡി സർക്കിൾ, എ.പി.ഐ ചായ, തസ്‌വീർ, ഐ.എ.എം.സി സിയാറ്റിൽ, റെന്റൺ ഗുരുദ്വാര, ഔബേൺ ഗുരുദ്വാര, കെന്റ് ഗുരുദ്വാര, ബോതെൽ ഗുരുദ്വാര, സിയാറ്റിൽ എൽ.ജി.ബി.ടി.ക്യു തുടങ്ങിയ നിരവധി പ്രാദേശിക സംഘടനകൾ സി.എ.എക്കെതിരെ പ്രമേയം പാസാക്കണമെന്ന് സിറ്റി കൗൺസിലിനോട് അഭ്യർത്ഥിച്ചു.

Tags:    

Similar News